ആയിരത്തിലധികം അയോഗ്യരായ അഭിഭാഷകർ; കണ്ണടച്ച് ബാർ അസോസിയേഷനുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഭിഭാഷകർ നിയമം കൈയിലെടുക്കുന്നത് പതിവാകുമ്പോഴും പ്രാക്ടീസ് ചെയ്യാൻ അനുമതിയില്ലാത്ത ആയിരക്കണക്കിന് അഭിഭാഷകർക്ക് നേരെ കണ്ണടച്ച് ബാർ അസോസിയേഷനുകൾ. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യ ബാർ പരീക്ഷ (എ.ഐ.ബി.ഇ) വിജയിക്കാനാവാത്തവരാണ്, വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരോട് ഉൾപ്പെടെ അസഹിഷ്ണുതയും ഗുണ്ടാപ്രവർത്തനവും കാണിക്കുന്നതെന്നാണ് അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.
കൊച്ചിയിലെ ഹൈകോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലുമാണ് അഭിഭാഷകരുടെ ഈ ആക്രമണ പ്രവർത്തനം ആവർത്തിക്കുന്നത്. ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച അഡ്വ. ബെയിലിൻ ദാസിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വഞ്ചിയൂരിലെ അഭിഭാഷകർ തെറിവിളിച്ച് ഓടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നു.
കോടതി വളപ്പിൽ ഗുണ്ടായിസം കാണിക്കുന്ന ഈ അഭിഭാഷകരിൽ പലരും നിയമപരമായി പ്രാക്ടീസ് ചെയ്യാൻപോലും യോഗ്യത ഇല്ലാത്തവരാണെന്ന് തെളിയിക്കുന്ന പട്ടികയാണ് കേരള ബാർ കൗൺസിൽ കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടത്.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ബാർ അസോസിയേഷനുകൾക്ക് ബാർ കൗൺസിൽ നിർദേശം നൽകുന്നുണ്ട്. എന്നാൽ, കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ബാർ അസോസിയേഷനുകൾ അയോഗ്യരായ അഭിഭാഷകർക്കൊപ്പമാണ്.
സംസ്ഥാനത്തെ വിവിധ കോടതികളിൽ എൻറോൾ ചെയ്ത, എന്നാൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത 1157 അഭിഭാഷകരുടെ പ്രാഥമിക പട്ടികയാണ് കേരള ബാർ കൗൺസിൽ പുറത്തുവിട്ടത്. ഈ പട്ടിക സംസ്ഥാനത്തെ എല്ലാ ബാർ അസോസിയേഷനുകൾക്കും അയച്ച് ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാനും നിർദേശിക്കുന്നു. 2010 ജൂലൈ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ 19 പരീക്ഷകൾ നടത്തിയിട്ടും വിജയിക്കാനാവാത്ത 1157 പേരാണ് സംസ്ഥാനത്തെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നത്.
2010 ജൂലൈക്ക് ശേഷം നിയമബിരുദം നേടി അഭിഭാഷകരായി എൻറോള്‍ ചെയ്തവരെല്ലാം രണ്ട് വർഷത്തിനകം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന എ.ഐ.ബി പരീക്ഷ പാസായിരിക്കണമെന്നാണ് ചട്ടം. പരീക്ഷ വിജയിക്കാത്തവർക്ക് വക്കാലത്തെടുക്കാൻ അനുമതിയില്ല. മാത്രമല്ല പലരുടെയും എൻറോൾമെന്റ് റദ്ദാക്കിയതായും ബാർ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
എപ്രിൽ 12ന് ചേർന്ന ബാർ കൗൺസിൽ യോഗത്തിൽ ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യരായ അഭിഭാഷകരുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
പരീക്ഷ പാസാകാത്തവരുടെ പ്രാഥമിക പട്ടികയിൽ ആക്ഷേപമുള്ളവര്‍ ഒരുമാസത്തിനകം അറിയിക്കണമെന്നും ബാര്‍ കൗണ്‍സിൽ ഓഫ് കേരള വ്യക്തമാക്കുന്നു. എ.ഐ.ബി പരീക്ഷ എഴുതി വിജയിക്കാനാവാത്തവരാണ് നീതിപീഠത്തിനും അതീതമായി തെരുവിൽ നിയമം കൈയിലെടുക്കുന്നതെന്നാണ് ആക്ഷേപം.
നിയമം ശെകയിലെടുക്കുന്ന വക്കീലൻമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതികളും ഭരണകൂടവും ഭയക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
അയോഗ്യരായ അഭിഭാഷകർ കോടതി,എണ്ണം ക്രമത്തിൽ
കേരള ഹൈകോടതി -228
തിരുവനന്തപുരം -171
എറണാംകുളം
ജില്ല കോടതി -125
കോഴിക്കോട് -125
തൃശൂർ -53
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

