വയനാട്ടിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു
text_fieldsകൽപറ്റ: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യമെത്തും. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു.
2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായിരിക്കുന്നത്. ചൂരൽമല അങ്ങാടി പൂർണമായി ഒലിച്ചുപോയി. എത്ര വീടുകൾ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകരിൽ ചുരുക്കം ചിലർക്കേ എത്താൻ സാധിച്ചുള്ളു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ സൈനികരെത്തുന്നത്. സൈനികർക്കു പുറമെ, എൻ.ഡി.ആർ.എഫും ഫയർ ഫോഴ്സും പൊലീസും സന്നദ്ധ സംഘടനകളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മുണ്ടക്കൈ ഭാഗങ്ങളിലാണ് രക്ഷാപ്രവർത്തനം അതീവദുഷ്കരം. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായത്. ഇവിടേക്ക് ചുരുക്കം രക്ഷാപ്രവർത്തകർക്ക് മാത്രമേ ഇതിനകം എത്തിപ്പെടാനായുള്ളു. 150ഓളം പേരാണ് മുണ്ടക്കൈ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് സംഘത്തിലെ 50 സൈനികർ ദുരന്തഭൂമിയിലുണ്ട്.
ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ട്. അതീവ ദുഷ്‍കരമായ മേഖലയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടംകെട്ടി സാഹസികമായാണ് സൈനികർ കരക്കെത്തിക്കുന്നത്. തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർഥിച്ചിരുന്നു. അഭ്യർഥന പ്രകാരം മീററ്റ് ആർ.വി.സിയിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും.
മുണ്ടക്കൈയിൽ പല വീടുകളുടെയും തറ മാത്രമാണ് ബാക്കിയുള്ളത്. ദുരന്തത്തിന്‍റെ യഥാർഥ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

