അഭിമന്യു വധക്കേസിലെ കുറ്റപത്രം അടക്കമുള്ള പത്തിലേറെ രേഖകൾ കോടതിയിൽനിന്ന് കാണാതായി
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകൾ കോടതിയിൽനിന്ന് കാണാതായി. വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് കേസുമായി ബന്ധപ്പെട്ട പത്തിലേറെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് അപ്രത്യക്ഷമായത്.
കഴിഞ്ഞ ഡിസംബറിൽ രേഖകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട കോടതി അധികൃതർ വിവരം ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് രേഖകൾ വീണ്ടും എടുക്കാൻ ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ജില്ല സെഷൻസ് കോടതിക്കുവേണ്ടി നോട്ടീസ് പുറത്തിറക്കിയിരുന്നു. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കാഷ്വൽറ്റി രജിസ്റ്റർ, സൈറ്റ് പ്ലാൻ എന്നിവ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.
2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോളജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ നിലനിന്ന സ്പർധയെത്തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. 2018 ജൂലൈ രണ്ടിന് പുലർച്ചയാണ് അഭിമന്യു കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

