ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡ്: റേഷനിങ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് നൽകാം
text_fieldsപ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ കാർഡ് മാറ്റം സംബന്ധിച്ച പരാതികൾ കുറഞ്ഞു
തിരുവനന്തപുരം: ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിങ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.
ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കളയുണ്ടാകണം. ഒരു മേൽക്കൂരക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിലാണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല. മുൻഗണന കാർഡുകൾ അനർഹർ കൈവശംവെച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കും. വാർഡിലുള്ള റേഷൻ കടകളിലെ എ.എ.വൈ (മഞ്ഞ) കാർഡുകൾ പരിശോധനക്ക് വിധേയമാക്കും. അനർഹർ മുൻഗണനാ കാർഡുകൾ കൈവശംവെച്ചിട്ടുണ്ടെങ്കിൽ വിവരം 9188527301 എന്ന നമ്പറിൽ അറിയിക്കാം. അറിയിക്കുന്ന ആളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി 3,45,377 റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണനവിഭാഗത്തിലേക്ക് മാറ്റി നൽകിയ കാർഡുകൾ 3,38,271 എണ്ണം.
റേഷൻ കാർഡുമായി ബന്ധപ്പെട്ട് 49,07,322 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 48,34,655 പരാതികൾ തീർപ്പാക്കി.മാവേലി സ്റ്റോറുകളിലെ ബിൽ മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. റേഷൻകടകളിലേക്ക് അരിയും മറ്റ് സാധനങ്ങളും ലോറിയിൽനിന്ന് ഇറക്കുമ്പോൾ അളവും തൂക്കവും ഉറപ്പാക്കണമെന്ന റേഷൻകടക്കാരുടെ ആവശ്യം പരിഗണിക്കും.
ഇതിനെക്കുറിച്ച് ഏപ്രിൽ നാലിന് ഭക്ഷ്യമന്ത്രി വിളിച്ച റേഷൻ വ്യാപാരി സംഘടനകളുടെ യോഗം ചർച്ച ചെയ്യും.ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി 22 എണ്ണം പൂർത്തിയാക്കി. ഫോൺ-ഇൻ പരിപാടിയിൽ റേഷൻ കാർഡ് മുൻഗണനവിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച ആവശ്യമായിരുന്നു ഭൂരിഭാഗവും.
ഇത് റേഷൻ കാർഡ് മാറ്റം, പുതിയ റേഷൻ കാർഡ് അനുവദിക്കൽ എന്നീ ആവശ്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിനാലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

