സ്ഥിരം അധ്യാപകരില്ലാതെ 300ലേറെ ഹയർസെക്കൻഡറി അധിക ബാച്ചുകൾ
text_fieldsമലപ്പുറം: പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനുവദിച്ച അധിക ബാച്ചുകളിൽ അധ്യാപകരെ നിയമിക്കാൻ നടപടിയില്ല. ഇതുമൂലം 300ലധികം താൽക്കാലിക ബാച്ചുകളിൽ നിലവിൽ സ്ഥിരം അധ്യാപക തസ്തികയില്ല. ഇതിനുവേണ്ടി സ്കൂൾ അധികൃതരും ഉദ്യോഗാർഥികളും നിരന്തരമായി സർക്കാറിനെ സമീപിച്ചെങ്കിലും ഈ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. അപ്രഖ്യാപിത നിയമന നിരോധനമാണ് ഹയർസെക്കൻഡറിയിൽ നിലനിൽക്കുന്നത്.
വിദ്യാർഥികളുടെ എണ്ണം പൊതുവെ കുറഞ്ഞ തെക്കൻ ജില്ലകളിൽ മുഴുവൻ സ്ഥിരം ബാച്ചുകൾ നിലനിൽക്കുമ്പോൾ, വിദ്യാർഥികൾ കൂടുതലുള്ള മലബാറിലാണ് താൽക്കാലിക ബാച്ചുകളിലധികവും പ്രവർത്തിക്കുന്നത്. മൂന്നു മുതൽ അഞ്ചു വർഷം മുമ്പ് വരെ അനുവദിച്ചതാണിത്. ഓരോ ക്ലാസിലും 60ന് മുകളിൽ കുട്ടികൾ പഠിച്ചുവരുന്നുണ്ട്. താൽക്കാലിക ബാച്ചുകൾ മൂന്ന് വർഷമായി തുടരുകയാണെങ്കിൽ സ്പെഷൽ റൂൾ പ്രകാരം ഇവിടേക്ക് അധ്യാപക തസ്തിക സൃഷ്ടിക്കണമെന്ന് കാർത്തികേയൻ കമീഷൻ റിപ്പോർട്ടിൽ ശിപാർശയുണ്ട്. എന്നിട്ടും ഇതിനാവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മുന്നൂറോളം ബാച്ചുകളിലായി വിവിധ വിഷയങ്ങളിൽ സ്ഥിരം അധ്യാപകരില്ല. ഗെസ്റ്റ് അധ്യാപകരെ വെച്ചാണ് ക്ലാസുകൾ നടത്തുന്നത്. എല്ലാ വർഷവും പ്ലസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ തസ്തികനിർണയത്തിനുള്ള പരിശോധന നടത്താറുണ്ട്. എന്നാൽ, ഇതു മിക്കവാറും അവസാനിക്കുന്നത് അടുത്ത ജൂൺ ആകുമ്പോഴാണ്. അതിനാൽ തസ്തികനിർണയത്തിന്റെ ഫലം അതതു വർഷം കിട്ടാറില്ല. ഏറ്റവും കൂടുതൽ പ്രതിസന്ധി പട്ടികജാതി-വർഗ വിഭാഗങ്ങൾ ആശ്രയിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലാണ്. 14 മോഡൽ സ്കൂളുകളിലെ പുതിയ 14 ബാച്ചുകളിൽ ഇപ്പോൾ സ്ഥിരം അധ്യാപകരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

