എസ്.ഐ.ആർ: തിരിച്ചറിയൽ രേഖ നൽകേണ്ടവർ 19.32 ലക്ഷം, കരട് പട്ടികയിൽ 2.54 കോടി പേർ
text_fieldsതിരുവനനന്തപുരം: ബുധനാഴ്ച പുറത്തുവന്ന എസ്.ഐ.ആർ കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് 19.32 ലക്ഷം പേർ അന്തിമ പട്ടികയിൽ ഉൾപ്പെടാൻ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടി വരും. ആകെയുള്ള 2.78 കോടി പേരിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ച 2.54 കോടി വോട്ടർമാരാണ് കരടിലുള്ളത്. ഇതിൽ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ അവരുടെ രക്ഷിതാക്കളുടെ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടെന്നാണ് കമീഷന്റെ കണക്ക്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കരട് പട്ടികയുടെ 6.94 ശതമാനം വരും.
ആക്ഷേപങ്ങളും പരാതികളും നൽകുന്ന ഘട്ടത്തിൽ ഇവർക്കെല്ലാം നോട്ടീസ് നൽകി ഹിയറിങ് നടത്തും. ആകെയുള്ള 2.78 കോടിയിൽ ‘കണ്ടെത്താനാകാത്തവരായി’ കമീഷൻ കണക്കാക്കുന്ന 24 ലക്ഷം പേർക്ക് പുറമേയാണിത്.
ഈ 24 ലക്ഷത്തിൽ മരിച്ചവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരുമടക്കമുള്ള 7.85 ലക്ഷം പേരെ മാറ്റി നിർത്തിയാൽ 16.15 ലക്ഷം പേരുണ്ട്. ഇവരുടെ കാര്യത്തിലും അന്തിമ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഡിക്ലറേഷൻ ഫോം ആറ് നൽകി അപേക്ഷിക്കണം. ഫലത്തിൽ മാപ്പിങ് നടക്കാത്ത 19.32 ലക്ഷവും കണ്ടെത്താനായില്ലെന്ന് കമീഷൻ വിധിയെഴുതിയ 16.15 ലക്ഷവുമടക്കം 35 ലക്ഷത്തോളം പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരക്കം പാച്ചിലാകും വരുംദിവസങ്ങളിൽ. കണ്ടെത്താനാകാത്തവരെന്ന് കമീഷൻ നിശ്ചയിച്ചവരിൽ പലരും നാട്ടിലുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ തെളിവ് സഹിതം വന്ന സാഹചര്യത്തിൽ വിശേഷിച്ചും.
മാപ്പിങ്ങിനുള്ള ശ്രമം തുടരും
മാപ്പിങ്ങിനുള്ള ശ്രമം തുടരുമെന്നും നോട്ടീസ് നൽകേണ്ടവരുടെ എണ്ണം കുറക്കാനാണ് ശ്രമമെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കർ വിശദീകരിക്കുന്നത്. ബി.എൽ.ഒമാരുടെ ജോലി ഡിസംബർ 23 ഓടെ അവസാനിക്കുമെന്നാണ് കമീഷൻ നേരത്തെ വ്യക്തമാക്കിയത്. എങ്കിലും വ്യാപക നോട്ടീസ് വിതരണമടക്കം അനിവാര്യമാകുന്ന സാഹചര്യം മുൻനിർത്തിയാണ് ബി.എൽ.ഒമാരുടെ ഡ്യൂട്ടി ഒരു മാസത്തേക്ക് കൂടി നീട്ടിയത്.
ആളുകൾക്ക് പ്രയാസം വരാത്ത രീതിയിൽ ഹിയറിങ് പൂർത്തിയാക്കാനാണ് സി.ഇ.ഒയുടെ നിർദേശം. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് പരമാവധി നാലും അഞ്ചും ബൂത്തുകൾക്കായി ഒരിടത്ത് ഹിയറിങ് നടത്താം. ഏതെല്ലാം തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത് എന്ന വിവരം ഇ.ആർ.ഒമാർ, ബി.എൽ.ഒമാർ വഴി വോട്ടർക്ക് നൽകുന്ന നോട്ടിസിൽ വ്യക്തമാക്കും. വിതരണം ചെയ്യുന്ന നോട്ടീസിന്റെ രണ്ടാമത്തെ പകർപ്പ് ബി.എൽ.ഒമാർ ഒപ്പിട്ട് വാങ്ങി അത് ആപ്പിലൂടെ അപ്ലോഡ് ചെയ്യും. ഹാർഡ് കോപ്പി രേഖയായി സൂക്ഷിക്കും. ഹിയറിങ് സമയത്ത് ബി.എൽ.ഒ.മാരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

