എസ്.ഐ.ആർ: സംസ്ഥാനത്ത് ഒരുലക്ഷം പേരെ ‘കണ്ടെത്താനായില്ല’, ഫോം കിട്ടാത്തവർ പേര് ചേർക്കേണ്ടിവരും
text_fieldsതിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ സംസ്ഥാനത്ത് 1,01,856 പേരെ കണ്ടെത്താനായില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇത്രയുംപേരെ പട്ടികയിൽനിന്ന് നീക്കും. ഈ വോട്ടർമാരുടെ താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരണപ്പെട്ടെന്നും ഇരട്ടവോട്ട് ഉണ്ടെന്നുമാണ് കമീഷൻ പറയുന്നത്. എന്നാൽ, ‘കാണാതായവർ’ ആരാണെന്നും ഏത് മണ്ഡലത്തിലുള്ളവരാണെന്നുമുള്ള കണക്ക് പുറത്തുവിട്ടിട്ടില്ല. പട്ടികയിൽ തുടരാൻ അർഹതയുള്ളവർ ഈ കൂട്ടത്തിലുണ്ടെങ്കിൽ അവർ പുതുതായി പേരുചേർക്കാൻ ഫോം 6 സമർപ്പിക്കേണ്ടിവരും.
സംസ്ഥാനത്ത് ആയിരക്കണക്കിനുപേർക്ക് ഇനിയും ഫോം കിട്ടാനുണ്ട്. ബി.എൽ.ഒമാരെ വിവരമറിയിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് വോട്ടർമാർ പരാതിപ്പെടുന്നു. കണ്ടെത്താൻ കഴിയാത്തവരുടെ ബൂത്ത്– മണ്ഡലതല കണക്ക് പുറത്തുവിടണമെന്നാണ് ജനങ്ങളുടെയും പാർട്ടികളുടെയും ആവശ്യം. വോട്ടർ പട്ടികയിൽ തുടരാൻ അർഹതയുള്ള ആരും ‘കണ്ടെത്താൻ കഴിയാത്തവരുടെ’ കൂട്ടത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്താനാകണം.
എന്നാൽ, കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് ബി.എൽ.ഒ – ബി.എൽ.എ യോഗംചേർന്ന് ഇക്കാര്യം വിലയിരുത്തണമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വാദം. വെള്ളിയാഴ്ച വൈകിട്ടുവരെ 19,90,178 പേരുടെ വിവരം ഡിജിറ്റൈസ് ചെയ്തു. ഓൺലൈനായി 45,249 പേർ ഫോം സമർപ്പിച്ചു. 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച ബി.എൽ.ഒമാരുമായി സി.ഇ.ഒ യോഗംചേർന്നു. ഫോം സ്വീകരിക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമായി കലക്‌ഷൻ ഹബ്ബുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടിവരും
കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടിവരുമെന്ന് കമീഷന്റെ പ്രാഥമിക നിഗമനം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവർ 27.8 ലക്ഷമെന്നാണ് (10 ശതമാനം) കണക്ക്. ആകെ എന്യൂമറേഷൻ’ ഫോം വിതരണം ചെയ്ത 2.78 കോടി പേരിൽ 1.89 കോടി പേർ 2002ലെയും 2025ലെയും പട്ടികയിലുള്ളവരാണ്. ഇവർ രേഖകൾ സമർപ്പിക്കേണ്ട. ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.
2002ൽ 18 വയസ് തികയാത്തവർ 61.16 ലക്ഷം പേരുണ്ട്. പക്ഷേ, രക്ഷിതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇവർക്കും രേഖകൾ നൽകേണ്ടതില്ല. 2.78 കോടിയിൽ ശേഷിക്കുന്ന 27.8 ലക്ഷം വോട്ടർമാർ എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ പേരുണ്ടാകുമെങ്കിലും അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം.
കരട് പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) നോട്ടിസ് നൽകിയാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഇവരിൽ ഭൂരിഭാഗവും ചുരുങ്ങിയത് അഞ്ച് തെരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടുചെയ്തവരാണ്. ഇത്രയേറെ പേർ ഒരുമിച്ച് രേഖകൾ സമർപ്പിക്കേണ്ടി വരുന്നതും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണതകളുമാണ് പ്രധാന വെല്ലുവിളി.
അതേസമയം, കേരളത്തിലെ ഈ 27 ലക്ഷം പേരിൽ ഭൂരിഭാഗത്തിനും നിഷ്കർഷിച്ച 12 രേഖകളിൽ നാലെണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് കമീഷന്റെ വിലയിരുത്തൽ. ഇതൊന്നുമില്ലാത്തവർക്ക് രേഖകൾ നൽകാൻ വകുപ്പുകളോട് ആവശ്യപ്പെടും. കേന്ദ്ര കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ റേഷൻ കാർഡ് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമുള്ള പൊതു തിരിച്ചറിയൽ രേഖ എന്ന നിലക്കാണ് റേഷൻ കാർഡ് പരിഗണിക്കണമെന്ന നിർദേശം രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

