തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് വേണ്ടെന്നാണ് തീരുമാനം. സ്പോട്ട് ബുക്കിങ്ങിന് നിലയ്ക്കലിൽ നാല് കൗണ്ടറുകൾ കൂടി പുതിയതായി ആരംഭിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്കൂൾ, കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യാം.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ പരിശോധനാസർട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിെൻറ സർട്ടിഫിക്കറ്റും കൂടെ കൊണ്ടുവരണം.
വെർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യുന്നതിനൊപ്പം ദേവസ്വം ബോർഡിന് പണം ഓൺലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്യ്, ഭസ്മം, മഞ്ഞൾ-കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം.