
സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ട്, ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും -ബാലചന്ദ്രകുമാര്‍
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റാൻ ദിലീപ് പണം കൊടുത്തതിനും സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ പൊലീസിന് മുമ്പാകെ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലചന്ദ്രകുമാർ പൊലിസീന് ഡിജിറ്റല്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.
വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തായ നിർമാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. സാക്ഷികളെ കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നു.
സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിന്റെ തെളിവുണ്ട്. സാക്ഷിയായ സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങള്‍ കൈയിലുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവ് പക്കലുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും 'എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം' എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു.
ഫെബ്രുവരി 16ന് വിചാരണ പൂർത്തിയാക്കി വിധി പറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്, എസ്.പിമാരായ കെ.എസ്. സുദർശൻ, സോജൻ അടക്കം 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
അന്വേഷണം വേഗത്തിൽ നടക്കേണ്ടതുള്ളതിനാൽ അംഗ അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകം ചുമതലകൾ ഏൽപിച്ചിട്ടുണ്ട്. തെളിവുകളുടെ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
