ശബരിമലയിൽനിന്ന് കൂടുതൽ സ്വർണം അപഹരിച്ചു?; സന്നിധാനത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ വി.എസ്.എസ്.സിക്ക് കൈമാറി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും കട്ടിളപ്പടിയിൽനിന്നും കൂടുതൽ സ്വർണം അപഹരിച്ചെന്ന സംശയത്തിൽ പ്രത്യേക അന്വേഷണസംഘം. ഇത് കണ്ടെത്താൻ സന്നിധാനത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ വി.എസ്.എസ്.സിക്ക് കൈമാറി. വി.എസ്.എസ്.സിയിലെ വിദഗ്ധരുടെയും നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എത്ര കിലോ സ്വർണം മോഷണം പോയെന്ന് കണ്ടെത്താമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങളും രാശിചിഹ്നങ്ങളും ആലേഘനം ചെയ്ത രണ്ടുവീതം ചെമ്പ് പാളികളിലും കട്ടിളയുടെ മുകൾപടിയിലെ ചെമ്പ് പാളിയിലും പ്രഭാമണ്ഡല പാളിയിലും ദ്വാരപാലക ശിൽപ പാളികളിലും തെക്കും വടക്കും മൂലകളിലുള്ള പില്ലർ പാളികളിലുംനിന്നാണ് സ്വർണം കവർന്നത്.
രണ്ട് കിലോയോളം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് കവർന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിൽ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയിൽനിന്ന് 109.243 ഗ്രാമും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർന്ദനിൽനിന്ന് 474.960 ഗ്രാമും സ്വർണമാണ് പിടിച്ചെടുത്തത്. ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണമല്ല ഇത്. അതിന് പകരമുള്ള സ്വർണമാണ് പ്രത്യേക അന്വേഷണസംഘം ഇരുവരിൽനിന്നും കണ്ടുകെട്ടിയത്. ഇക്കാര്യം കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ശബരിമലയിലെ സ്വർണം എവിടെയെന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കവർച്ചയിൽ 2019ലെ ദേവസ്വം ബോർഡിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് എ. പത്മകുമാർ മാത്രമാണ് അറസ്റ്റിലായത്. സ്വർണപ്പാളികൾ കൊണ്ടുപോയത് പത്മകുമാറിന്റെയും ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിന്റെയും എൻ. വിജയകുമാറിന്റെയും അറിവോടെയായിരുന്നെന്ന് പോറ്റി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്യും.
ഗോവര്ധൻ മുമ്പ് ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല ദേവസ്വം ബോര്‍ഡ് കണക്കിൽപെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്റെ ‘പ്രായശ്ചിത്തമായി’ ഗോവര്ധൻ നൽകിയ മാലയാണ് ദേവസ്വം ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവര്ധൻ മാല കൈമാറിയത്. പോറ്റി മാളികപ്പുറത്ത് സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കുശേഷമാണ് മാല മഹസറിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

