Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പാർട്ടിയെ...

‘പാർട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെയോ‍?, പാർട്ടി സ്നേഹമുള്ള സഖാക്കൾ ഉത്തരവാദിത്തം നിറവേറ്റണം’; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

text_fields
bookmark_border
‘പാർട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെയോ‍?, പാർട്ടി സ്നേഹമുള്ള സഖാക്കൾ ഉത്തരവാദിത്തം നിറവേറ്റണം’; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
cancel
camera_alt

പുസ്തക പ്രകാശനത്തിൽ നിന്ന്

കോഴിക്കോട്: രക്തസാക്ഷി ഫണ്ട് അടക്കമുള്ളവ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സി.പി.എം പുറത്താക്കിയ മുതിർന്ന നേതാവും മുൻ ജില്ല കമ്മിറ്റിയംഗവുമായ വി. കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബുധനാഴ്ച പയ്യന്നൂരിൽ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

16 അധ്യായങ്ങളിൽ 96 പേജുകളുള്ള പുസ്തകമാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്. പാർട്ടിയോടും പ്രിയ സഖാക്കളോടും നന്ദി പറഞ്ഞാണ് ആദ്യ അധ്യായം വി. കുഞ്ഞികൃഷ്ണൻ ആരംഭിക്കുന്നത്. ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ മുതൽ സമ്മേളനങ്ങൾ, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്, പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം തുടങ്ങിയ മേഖലകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട കണക്ക്, സഖാവ് സി.വി. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്ക്, 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്ക് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളാണ് പുസ്തകത്തിൽ കുഞ്ഞികൃഷ്ണൻ വിവരിക്കുന്നത്. മൂന്ന് ക്രമക്കേടുകൾ നടന്നത് എസ്.ഐ. മധുസൂദനൻ, കെ.പി. മധു എന്നിവർ സെക്രട്ടറിമാരായ കാലത്താണെങ്കിലും ഏരിയാ കമ്മിറ്റിയും അവസാന കണക്ക് അവതരിപ്പിക്കുന്നത് കുഞ്ഞികൃഷ്ണൻ സെക്രട്ടറിയായ ശേഷമാണെന്ന് പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.

വിവാദ വിഷയങ്ങളിൽ പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്ന ആശയക്കുഴപ്പം സൃഷ്ടിച്ച ചോദ്യത്തിനാണ് 'യഥാർഥ വസ്തുതയെന്ത്? എന്ന അധ്യായത്തിൽ കുഞ്ഞികൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നത്.

പുസ്തകത്തിലെ പ്രസക്തഭാഗം:

'എന്നെ അലട്ടിയ വിഷയം പാർട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു. ഞാൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം, നേതാവിനെയല്ല പാർട്ടിയെയാണ് സംരക്ഷിക്കേണ്ടത് എന്നാണ്. എന്നാൽ, നേതൃത്വം എടുത്ത നിലപാട് പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്നതാണ്. ഇന്ന് പയ്യന്നൂരിലെ പാർട്ടി നേരിടുന്ന വിഭാഗീയതയുടെ ദുരന്തത്തിന് കാരണം ഇതാണ്. നേതാവിനെ സംരക്ഷിച്ചാൽ പാർട്ടിയെ സംരക്ഷിക്കാൻ സാധിക്കുമെന്നായിരുന്നു നേതൃത്വത്തിന്‍റെ ധാരണ. സെക്രട്ടേറിയറ്റ് മെമ്പർമാർ പങ്കെടുത്ത് നടത്തിയ ലോക്കൽ കമ്മിറ്റികളുടെയും ജനറൽബോഡികളുടെയും സ്ഥിതി എന്തായിരുന്നു? നിങ്ങൾ പറഞ്ഞത് സഖാക്കൾ വിശ്വസിച്ചോ? ടി.വി.രാജേഷിനെ സെക്രട്ടറിയാക്കി ഐക്യം ഉണ്ടാക്കാൻ ശ്രമിച്ചു. ഫലം എന്തായിരുന്നു? തെറ്റുകാരെ മുഴുവൻ പഴയ ലാവണങ്ങളിൽ എത്തിച്ചു. തെറ്റ് ചെയ്യാത്ത എന്നെ ഒഴികെ. ഇത് പാർട്ടിക്കുള്ളിൽ നൽകിയ സന്ദേശം എന്താണ്? നേതൃത്വത്തിന്റെ ഇത്തരമൊരു നിലപാട് കൊണ്ടാണ് എനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നത്'.

ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ അന്തഃസത്ത ചോർത്തിക്കളയുന്ന നിലപാടുകളാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം 'ഉൾപ്പാർട്ടി ജനാധിപത്യം' എന്ന അധ്യായത്തിലെ 'കുഞ്ഞികൃഷ്ണന് സി.പി.എം ശാസന' തലക്കെട്ടിലെ ഭാഗത്തിൽ എഴുത്തുകാരൻ ഉന്നയിക്കുന്നത്.

പുസ്തകത്തിലെ പ്രസക്തഭാഗം:

'ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ അന്തഃസത്ത ചോർത്തിക്കളയുന്ന നിലപാടുകളാണ് നേതൃത്വം സ്വീകരിക്കുന്നത്. ആർക്കെങ്കിലും തൻറെ ഘടകത്തിൽ വിമർശനമുന്നയിക്കാൻ പറ്റുമോ? ഉന്നയിച്ചാൽ തെളിവ് ഹാജരാക്കണ്ടേ? ഇനി തെളിവ് ഹാജരാക്കിയ പയ്യന്നൂരിലെ ഫണ്ട് വിഷയത്തിൽ നേതൃത്വം സ്വീകരിച്ച നിലപാട് എന്താണ്? കമ്മീഷന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാലും തെറ്റുകാരൻ. കമ്മീഷൻ ആഗ്രഹിക്കുന്ന മറുപടി എല്ലാവർക്കും പറയാൻ ആകില്ലല്ലോ. ആരെങ്കിലും കമ്മീഷന് മൊഴി നൽകാൻ തയ്യാറാകുമോ? നൽകിയിട്ട് എന്ത് പ്രയോജനം. പരാതി ഉന്നയിക്കാൻ ആരെങ്കിലും തയ്യാറാകുമോ? പരാതിക്കാർ വേണ്ടപ്പെട്ടവരാണെങ്കിൽ പരിഗണിക്കും'.

'അല്ലാത്തവരാണെങ്കിൽ നടപടി. ഇതൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ. സംസ്ഥാന സമ്മേളന റിവ്യൂ റിപോർട്ടിന്റെ ഭാഗമായി റിപോർട്ട് ചെയ്ത‌ത് സ്വയം വിമർശനവും, വിമർശനവും ശക്തിപ്പെടുത്തണമെന്നാണ്. പറച്ചിൽ ഒന്നും പ്രവൃത്തി മറ്റൊന്നും. നേതൃത്വത്തിന്റെ്റെ ഇത്തരം നിലപാടുകൾ പാർട്ടിയെ പിറകോട്ടടിപ്പിക്കും. പെട്ടെന്നൊന്നും ഉണ്ടാകില്ല. കാരണം ഇതിനേക്കാൾ നല്ലത് വേറെയില്ല എന്നതുകൊണ്ട് മാത്രം'.

തെറ്റുകാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുന്ന തരത്തിൽ പാർട്ടിയെ പരുവപ്പെടുത്താനുള്ള ഉത്തരവാദിത്തം അണികൾ ഏറ്റെടുക്കണമെന്ന ആഹ്വാനമാണ് അവസാന അധ്യായമായ 'പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം' എന്ന അധ്യായത്തിൽ കുഞ്ഞികൃഷ്ണൻ നടത്തുന്നത്.

പുസ്തകത്തിലെ പ്രസക്തഭാഗം:

'ഈ പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കൾക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുള്ളതാണ്. അത് ആത്മാർത്ഥതയോടെ ആണെന്നാണ് ഞാൻ ഇതേവരെ ധരിച്ചത്. ആ ഉത്തരവാദിത്വം നിർവഹിക്കാൻ പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സഖാക്കൾ ഇനിയും തയ്യാറാകണം. നേതാക്കൾ തെറ്റ് ചെയ്‌തപ്പോൾ ചൂണ്ടിക്കാണിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഉന്നത നേതൃത്വം തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഇതിൻ്റെ ഒരു കെമിസ്ട്രി ഒരേ തൂവൽ പക്ഷികൾ എന്നതാണ്'.

'ഇത് എനിക്ക് നൽകിയ ഒരു പാഠമുണ്ട്. നേതാവാണ് തെറ്റ് ചെയതെങ്കിൽ അത് മിണ്ടരുത്. മിണ്ടിയാൽ മിണ്ടിയ ആൾക്കെതിരെയാണ് നടപടി വരിക. താഴെയുള്ള സാധാരണ പ്രവർത്തകർ നിസ്സാരമായ തെറ്റ് ചെയ്‌താൽ അത് ഗൗരവമായ തെറ്റായി വ്യാഖ്യാനിച്ചു ശക്തമായ നടപടി ഉണ്ടാകും. പക്ഷേ നേതൃത്വത്തെ തൊട്ടു കളിക്കരുത്. തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ എന്ത് കളവു പറയാനും മടിയില്ലാത്തവരായി എങ്ങനെയാണ് നേതൃത്വത്തിന് മാറാനാവുന്നത്?'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm leaderbook releaseV Kunjikrishnan
News Summary - More details from V. Kunhikrishnan's book revealed
Next Story