ഒരു ലാൻഡ് ക്രൂസർകൂടി പിടിച്ചെടുത്തു; ഭൂട്ടാൻ കാർ കടത്തിൽ അന്വേഷണത്തിന് കൂടുതൽ കേന്ദ്ര ഏജൻസികൾ
text_fieldsകൊച്ചി: ഭൂട്ടാൻ സൈന്യം ലേലത്തിൽവെച്ച കാറുകൾ കുറഞ്ഞ വിലക്ക് വാങ്ങി നികുതി വെട്ടിച്ച് കേരളത്തിലേക്കടക്കം കടത്തിയ സംഭവം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും. തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ജി.എസ്.ടി വിഭാഗവും അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജരേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാനാണ് കസ്റ്റംസ് തീരുമാനം. സംസ്ഥാന പൊലീസിന്‍റെ അന്വേഷണവും ഉണ്ടാകും.
പഴുതടച്ച അന്വേഷണവും നടപടികളുമാണ് ഏജൻസികൾ ലക്ഷ്യമിടുന്നത്. ഇവർക്കാവശ്യമായ രേഖകളും വിവരങ്ങളും കസ്റ്റംസ് കൈമാറും. കടത്തിക്കൊണ്ടുവന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ അതത് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും തയാറാക്കിയ രേഖകളും അനധികൃതമാണെന്ന് കസ്റ്റംസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
ഭൂട്ടാൻ സൈന്യം തള്ളിയ 200ഓളം വാഹനങ്ങൾ കേരളത്തിലടക്കം എത്തിയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾ വാങ്ങിയ ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ കൊച്ചിയിലെ വീടുകളിലടക്കം ചൊവ്വാഴ്ച കസ്റ്റംസ് മണിക്കൂറുകൾ പരിശോധന നടത്തിയത്. ഓപറേഷൻ നുംഖൂർ എന്നപേരിൽ സംസ്ഥാനത്ത് അഞ്ചു ജില്ലകളിലെ മുപ്പതോളം കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു. ബുധനാഴ്ച കുണ്ടന്നൂരിൽനിന്ന് അരുണാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർകൂടി പിടികൂടി.ദുൽഖർ സൽമാൻ ഉൾപ്പെടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. വാഹന ഡീലർ കൂടിയായ അമിത് ചക്കാലക്കലിനെ കഴിഞ്ഞദിവസം മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യംചെയ്തു.
കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾക്കുതന്നെ വിട്ടുകൊടുക്കുമെന്നറിയുന്നു. വാഹനങ്ങൾ ഉടമകൾതന്നെ സൂക്ഷിക്കണം. എന്നാൽ, നിയമനടപടി അവസാനിക്കാതെ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇവ നിയമപരമായാണ് കൊണ്ടുവന്നതെന്ന് ഉടമകൾ തെളിയിക്കേണ്ടിവരും. അല്ലെങ്കിൽ വാഹനം കണ്ടുകെട്ടും.
കാർ കടത്ത് അന്വേഷിക്കുമെന്ന് ഇ.ഡി ഹൈകോടതിയിൽ
കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി കടത്തിയ ആഡംബര കാറുകൾ കേരളത്തിലടക്കം വിൽപന നടത്തിയ സംഭവം അന്വേഷിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ. കഴിഞ്ഞ ദിവസം ഇത്തരം കാറുകൾ പിടിച്ചെടുക്കുകയുംചെയ്ത സംഭവത്തെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മറ്റൊരു കേസിൽ ഹാജരായിരുന്ന ഇ.ഡി അഭിഭാഷകനോട് ഇക്കാര്യം ആരാഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസിലെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വാഹനക്കടത്ത് സംഭവം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പി.എം.എൽ.എ) ലംഘനമല്ലേയെന്നും ഈ വിഷയം ഇ.ഡി അന്വേഷിക്കുമോയെന്നുമായിരുന്നു ഇ.ഡിയോട് കോടതി ആരാഞ്ഞത്.
വിഷയം ഇ.ഡിയുടെ പരിധിയിൽ വരുന്നതാണെന്നും പരിശോധിച്ചുവരുകയാണെന്നും അന്വേഷണം നടത്തുമെന്നും അഭിഭാഷകൻ ജയശങ്കർ വി. നായർ മറുപടി നൽകി. നേരത്തേ കോടതിയുടെ പരിഗണനയിലുള്ള ചില കസ്റ്റംസ് കേസുകളിൽ വിദേശത്തുനിന്ന് ആഡംബര കാറുകൾ കടത്തുന്ന സംഭവങ്ങളിൽ നികുതി വെട്ടിപ്പും പി.എം.എൽ.എ നിയമലംഘനവും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾകൂടി വിലയിരുത്തിയാണ് പുതിയ വാഹനക്കടത്ത് സംഭവത്തിലും കോടതി ഇ.ഡിയുടെ നിലപാട് വാക്കാൽ ആരാഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

