‘‘എക്കോയും ആൻജിയോഗ്രാമും ചെയ്യാൻ അഞ്ചുദിവസം വേണോ...?’’ -ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കൂടുതൽ ശബ്ദ സന്ദേശം പുറത്ത്
text_fieldsകരുനാഗപ്പള്ളി: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകം മരണപ്പെട്ട കൊല്ലം പന്മന മനയിൽ വേണുവിന്റെ കൂടുതൽ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കൾക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ഇവനെയൊക്കെ കോടതിയുടെ മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നതെന്നും വേണു പറയുന്നു
ആൻജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആൻജിയോഗ്രാമും ചെയ്യാൻ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താൻ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടൽ ആണ് ഇവർ നടത്തുന്നത്? സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത്? കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മയും മര്യാദകേടും കാണിക്കുമ്പോൾ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക?
കൊല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്പെഷൽ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാൻ. എത്രയും പെട്ടെന്ന് ആൻജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലൻസ് വിളിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തുന്നത്. എന്നാൽ, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിൻ സ്റ്റാർട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആൻജിയോഗ്രാമും ചെയ്യും എന്ന ഉറപ്പിൽ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാൽ, ആൻജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളിൽ വന്ന് വായിച്ചപ്പോൾ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആൻജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാൻ അത് കൊടുക്കാൻ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടർമാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ക്രിയാറ്റിന്‍ കൂടുതലെന്ന സൂപ്രണ്ടിന്റെ വാദം തെറ്റെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടുന്നില്ലെന്ന് ശബ്ദസന്ദേശമയച്ചതിന് പിറകെ മരിച്ച വേണുവിന് ക്രിയാറ്റിന്‍ കൂടുതലായിരുന്നതിനാല്‍ ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തെറ്റെന്ന് ബന്ധുക്കൾ. അപകടകരമായ നിലയില്ലെന്ന് തെളിയിക്കുന്ന പരിശോധന റിപ്പോര്‍ട്ടാണ് ബന്ധുക്കളുടെ കൈവശമുള്ളത്. നവംബര്‍ രണ്ടിനും മൂന്നിനും നടത്തിയ രക്തപരിശോധനയില്‍ ക്രിയാറ്റിന്‍ അപകടകരമായ നിലയിലല്ല. ചികിത്സക്ക് ഇതൊരു തടസ്സമല്ലെന്ന് ഡോക്ടർമാരിൽ ചിലർ പറഞ്ഞതായും ബന്ധുക്കൾ വ്യക്തമാക്കി. 24 മണിക്കൂർ വൈകി എന്നത് വസ്തുതയാണെങ്കിലും ക്രിയാറ്റിൻ അളവിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നാണ് ബന്ധുക്കൾ പറയുന്നത്.
കൊല്ലം ജില്ല ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിൽ എത്തിയ സമയം മുതൽ വേണുവിനെ നിലത്താണ് കിടത്തിയത്. കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ കിടക്ക നൽകി. അതിലാണെങ്കിൽ മറ്റൊരു രോഗി കൂടി ഉണ്ടായിരുന്നു. അപ്പോഴും രോഗാവസ്ഥക്കുള്ള ചികിത്സ കിട്ടിയില്ല. ബന്ധുവായ രാഷ്ട്രീയ നേതാവിന്റെ ശിപാർശയിൽ തിങ്കളാഴ്ച സൂപ്രണ്ടിനെ പോയി കണ്ടിരുന്നുവെന്ന് ഭാര്യ സിന്ധു പറഞ്ഞു. എന്നിട്ടും മികച്ച ചികിത്സ ലഭിച്ചില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

