സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റുണ്ടാവും; ഉന്നതരുടെ പങ്കിൽ അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെ കൂടുതൽ അറസ്റ്റിന് സാധ്യത. ചിലരെ നിരീക്ഷിക്കാനും കസ്റ്റഡിയിലെടുക്കാനുമാണ് എസ്.ഐ.ടി തീരുമാനം. കേസിൽ ഉന്നതരുടെ പങ്കിൽ അന്വേഷണം തുടങ്ങി.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി. ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകും. സ്വർണം വിൽക്കാൻ ഇടനില നിന്ന കല്‍പ്പേഷും പ്രതി ചേര്‍ക്കും. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധൻ മൊഴി നൽകി. പോറ്റിക്ക് തുക കൈമാറിയ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി.
വെള്ളിയാഴ്ചയാണ് അന്വേഷണസംഘം ഗോവർധനന്റെയും സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകീട്ട് നാലോടെ അറസ്റ്റ് ചെയ്തു.
സ്വർണക്കൊള്ളയിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്. ശബരിമലയിലെ സ്വർണം കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും, പ്രായശ്ചിത്തമായി 10 ലക്ഷം രൂപ അന്നദാനത്തിന് നൽകിയെന്നും ഗോവർധന്റെ മൊഴിയിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കേസില്‍ ആദ്യമായാണ് കേരളത്തിനു പുറത്തുനിന്നുള്ളവർ അറസ്റ്റിലാവുന്നത്.
ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകശിൽപങ്ങളിൽ ഇപ്പോഴുള്ള പാളികൾ വ്യാജമാണോ എന്നതു സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വരാനിരിക്കുന്നതേ ഉള്ളൂ. യഥാർഥ പാളികൾ രാജ്യാന്തരവിപണിയിൽ കോടികൾക്കു വിറ്റുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.ഐ.ടിയുടെ നിർണായക നീക്കം. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇ.ഡി യൂനിറ്റ് ഡൽഹിയിലെ ഇ.ഡി ഡയറക്ടറേറ്റിന് കത്തയച്ചു.
വേർതിരിച്ചത് കിലോയോളം സ്വർണം
ശബരിമലയിലെ സ്വർണപ്പാളികളിൽനിന്ന് സ്‌മാർട്ട് ക്രിയേഷൻസ് വേർതിരിച്ചത് ഒരു കിലോ സ്വർണം. 14 പാളികളിൽനിന്ന് 577 ഗ്രാമും അരികുപാളികളിൽനിന്ന് 409 ഗ്രാമും വേർതിരിച്ചെടുത്തു. ഇവർ പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വർണമാണെങ്കിലും ജ്വല്ലറിയുടമയായ ഗോവർധനെ ഏൽപ്പിച്ചത് 474 ഗ്രാം സ്വർണമാണെന്നത് അടക്കമുള്ള രേഖകൾ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

