‘13 വയസ് മുതൽ ചൂഷണം’; പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ പേർ കസ്റ്റഡിയിൽ
text_fieldsപത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.
2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് കാമുകൻ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കും കൈമാറി. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസം അനുഭവിക്കുന്നയാളുമുണ്ടെന്ന് അറിയുന്നു. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശിശുക്ഷേം സമിതിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി.ഡബ്ല്യു.സി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. സി.ഡബ്ല്യു.സിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് പീഡനവിവരങ്ങൾ പുറത്തെത്തിയത്. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.