സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം: മൂന്ന് പേർ കൂടി പിടിയിൽ
text_fieldsകല്ലടിക്കോട്: കരിമ്പ ബസ്സ് സ്റ്റോപ്പിൽ ഒരു മിച്ചിരുന്ന വിദ്യാർത്ഥികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസ്സിൽ മൂന്ന് പേർ കൂടി കല്ലടിക്കോട് പൊലീസിൻ്റെ പിടിയിലായി .കരിമ്പ വെട്ടത്ത് അക്ബറലി (42), കരിമ്പ അങ്ങാടിക്കാട് ഷമീർ (38) ,കരിമ്പ അങ്ങാടിക്കാട് ഷമീർ (37) എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കരിമ്പ സ്വദേശികളായ സിദ്ദീഖ് (50), ഹരീഷ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കരിമ്പ പനയമ്പാടം ബസ് സ്റ്റോപിൽ സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് ബസ് കാത്തിരുന്ന കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്. ആൺ കുട്ടികളും പെൺകുട്ടികളും ചേർന്നിരുന്നത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വിദ്യാർത്ഥിനികളെ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്തതായാണ് കേസ്സ്.
സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ മൊഴി പ്രകാരം ഏകദേശം 12 ഓളം പേർ സംഭവത്തിൽ പങ്കുണ്ടെന്നതാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി പൊലീസിനോട് വിശദ റിപ്പോർട്ട് തേടി. മറ്റ് പ്രതികൾക്കായി കല്ലടിക്കോട് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.