ആൺ സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര പൊലീസിങ്; യുവതി ആത്മഹത്യ ചെയ്തു, മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റില്
text_fieldsതലശ്ശേരി: കൂത്തുപറമ്പ് മമ്പറത്ത് യുവതിയുടെ ആത്മഹത്യക്ക് ഇടയാക്കിയത് ആൾക്കൂട്ട വിചാരണയെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ സി.കെ. റഫ്നാസ് (24) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് മമ്പറം കായലോട് പറമ്പായി പള്ളിക്ക് സമീപത്തെ റസീന മൻസിലിൽ റസീനയെ (40) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽ നിന്നുള്ള സൂചനയെ തുടർന്നാണ് ആൾക്കൂട്ട വിചാരണയിൽ മനം നൊന്താണ് മരണമെന്ന് കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പിൽനിന്ന് പ്രതികളിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ട വിചാരണയിൽ കൂടുതൽ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം മയ്യിൽ സ്വദേശിയായ ആൺസുഹൃത്തുമായി യുവതി കാറിനരികിൽ സംസാരിച്ചിരിക്കുന്നത് സ്ഥലത്തെത്തിയ സംഘം ചോദ്യം ചെയ്തു. ആൺസുഹൃത്തിനെ തടഞ്ഞുവെച്ചതിന് ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. യുവാവിനെ കൈയേറ്റം ചെയ്ത് സമീപത്തെ മൈതാനത്ത് എത്തിച്ചു.
അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ട വിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. രാത്രി എട്ടരയോടെ പറമ്പായിയിലെ എസ്.ഡി.പി.ഐ ഓഫിസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. 10ന് ശേഷമാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
സംഘം കൈക്കലാക്കിയ യുവാവിന്റെ മൊബൈൽ ഫോണും ടാബും തിരിച്ചുനൽകിയില്ല. അറസ്റ്റുചെയ്ത ശേഷം ഫോണും ടാബും പ്രതികളിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും പിണറായി സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ. അജീഷ് കുമാർ പറഞ്ഞു. എസ്.ഐ ബി.എസ്. ബാവിഷിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

