ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം; ഒരാൾ അറസ്റ്റിൽ
text_fieldsപാലക്കാട്: കരിമ്പ പനയംപാടത്ത് വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണമെന്ന് പരാതി. മണ്ണാർക്കാട് കരിമ്പ എച്ച്.എസ്.എസിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നു എന്ന് ആരോപിച്ചായിരുന്നു മർദനം. വിദ്യാർഥികളുടെ പരാതിയിൽ ഒരാൾ അറസ്റ്റിലായി.
കരിമ്പ സ്വദേശി സിദ്ദീഖിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
അവിടേക്കെത്തിയ ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്ന് വിദ്യാർഥികൾ പറയുന്നു. വിദ്യാർഥിനികളെ അസഭ്യം പറയുകയും മർദിക്കാനൊരുങ്ങുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു.
ഏറെ വൈകിയും വിദ്യാർഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.