തൃശൂരിലെ സദാചാരക്കൊല: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ
text_fieldsതൃശൂർ: തിരുവാണിക്കാവിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. കേസിൽ എട്ടു പ്രതികളാണുള്ളത്. ഈ കൊലയാളി സംഘം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
ഫെബ്രുവരി 18ന് അർധരാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹർ എന്ന 32കാരനായ ബസ് ഡ്രൈവർ ക്രൂര മർദനത്തിനിരയായത്. പുലർച്ചെ വരെ സംഘം സഹറിനെ മർദിച്ചിരുന്നു. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആഴ്ചകൾ പിന്നിട്ടിട്ടും പൊലീസിന് കൊലയാളി സംഘത്തെ പിടികൂടാനായിട്ടില്ല.
പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ, കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവരാണ് കേസിലെ പ്രതികൾ. രാഹുൽ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം.