ചേർപ്പിലെ സദാചാര കൊല: മുഖ്യപ്രതിയുമായി കേരള പൊലീസ് മടങ്ങി
text_fieldsമുംബൈ: തൃശൂർ ചേർപ്പ് ചിറക്കലിൽ സ്വകാര്യ ബസ് ഡ്രൈവർ കോട്ടം മമ്മസ്രയിലത്ത് സഹറിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുംബൈയിൽ പിടിയിലായ മുഖ്യപ്രതി രാഹുലുമായി കേരള പൊലീസ് നാട്ടിലേക്ക് മടങ്ങി. ചിറക്കൽ സ്വദേശിയായ രാഹുലിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നോട്ടീസിനെ തുടർന്ന്, വെള്ളിയാഴ്ച ഗൾഫിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ രാഹുലിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ഏറ്റുവാങ്ങിയ കേരള പൊലീസ് സംഘം ഞായറാഴ്ച ഉച്ചക്കുള്ള നേത്രാവതി എക്സ്പ്രസ് ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച തൃശൂരിൽ എത്തും.
പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്ന ബസ് ഡ്രൈവർ സഹറിനെ ആക്രമിക്കാൻ പദ്ധതിയിട്ടത് രാഹുലാണെന്നാണ് ആരോപണം. രാഹുലിന്റെ സുഹൃത്തായ യുവതിയുമായി സഹർ സൗഹൃദം സ്ഥാപിച്ചതാണ് ശത്രുതക്ക് കാരണമായി പറയുന്നത്. മർദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ സഹർ ചികിത്സക്കിടെയാണ് മരിച്ചത്. കേസിൽ മറ്റു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു.

