അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബം വീണ്ടും ഭൂമി വിറ്റു; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില
text_fieldsപാലക്കാട്: റവന്യൂ വകുപ്പ് ഉത്തരവ് നിലനിൽക്കെ അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബം വൻതോതിൽ ഭൂമി വിറ്റു. കഴിഞ്ഞ 29ന് ഈ ഭൂമിയിൽ മൂപ്പിൽ നായർ കുടുംബം 20 ആധാരങ്ങൾ അഗളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു. മൂപ്പിൽ നായർ കുടുംബത്തിലെ രണ്ടു പേരാണ് ഭൂമി വിറ്റത്. കഴിഞ്ഞ 12ന് 40 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. ഏഴുപേർ ഭൂമി കൈമാറി. ഈ മാസം ആദ്യവും കഴിഞ്ഞമാസം അവസാനവും 19 പേർ ഭൂമി കൈമാറി. പോക്കുവരവ് നടത്തിയില്ലെങ്കിലും മറ്റ് നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടില്ല. അട്ടപ്പാടിയിൽ ഭൂമാഫിയ നടത്തുന്ന ഭൂമി തട്ടിപ്പ് ജൂൺ രണ്ടിന് ഇറങ്ങിയ ‘മാധ്യമം’ ആഴ്ചപ്പതിപ്പ് പുറത്തുവിട്ടിരുന്നു. രാജഭരണകാലത്ത് നിലനിന്നിരുന്ന മേൽനോട്ട അവകാശത്തിന്റെ പിൻബലത്തിലാണ് മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബാംഗങ്ങൾ ആധാരം രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ ഭൂപരിഷ്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നെന്നാണ് ആധാരം എഴുത്ത് അസോസിയേഷൻ ആരോപിക്കുന്നത്.
ഭൂപരിധി കഴിഞ്ഞുള്ള സ്ഥലം ഭൂപരിഷ്കരണ നിയമം വകുപ്പ് 83 പ്രകാരം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ടെന്നും അതിനാൽ അട്ടപ്പാടിയിൽ വൻതോതിൽ ഭൂമിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നുമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ജൂലൈ 11ന് പുറത്തിറക്കിയ ഉത്തരവ്. അതിനാൽ വൻതോതിൽ ഭൂമിയുണ്ടെന്ന മൂപ്പിൽ നായർ കുടുംബത്തിന്‍റെ അവകാശവാദത്തിന് തെളിവില്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നിട്ടും 575 ഏക്കർ ഭൂമി വിറ്റതിൽ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളള ഏഴംഗ സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂപ്പിൽ നായർ കുടുംബാംഗം ശശീന്ദ്രൻ ഉണ്ണി ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാരന്‍റെ വാദം കേട്ട് തീരുമാനമെടുക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് 2024 ജനുവരിയിൽ നിർദേശം നൽകി. ഹരജിക്കാരന്‍റെ വാദം വിഡിയോ കോൺഫറൻസിങ് വഴി റവന്യു ഡെപ്യൂട്ടി സെക്രട്ടറി കേട്ടു. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം രേഖകൾ ഹരജിക്കാരൻ അയച്ചുകൊടുത്തു. അട്ടപ്പാടിയിൽ വൻതോതിൽ ഭൂമിയുണ്ടെന്ന അവകാശവാദം വ്യക്തമാക്കുന്ന ഒരു രേഖയുമില്ലെന്ന് ഉത്തരവിൽ റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
പകരം മൂപ്പിൽ സ്ഥാനത്തെക്കുറിച്ച് പരാമർശമുള്ള ഗസറ്റ് വിജ്ഞാപനത്തിന്‍റെ പകർപ്പാണ് കിട്ടിയത്. ഭൂപരിഷ്കരണ നിയമപ്രകാരം പരിധി കഴിഞ്ഞുള്ള ഭൂമി പരാതിക്കാരന് കൈവശം വെക്കാനാകില്ല.
അട്ടപ്പാടിയിലെ കൈയേറ്റം കണ്ടെത്താൻ ഉന്നതതല സംഘത്തെ നിയോഗിക്കണമെന്ന് ആദിവാസി പുനരധിവാസ വികസന മിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടി ഏഴ് മാസമായിട്ടും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

