നിലാവിൽ നടക്കാം...വരൂ ഉടുമ്പന്നൂരിലേക്ക്
text_fieldsതൊടുപുഴ: ക്രിസ്മസിന്റെ പിറ്റേന്ന്, ഡിസംബർ 26ന് ഉടുമ്പന്നൂരിലേക്ക് വരിക. മഞ്ഞുകാല കുളിരുമേറ്റ് പൂർണചന്ദ്രന്റെ ചന്ദനവെളിച്ചത്തിൽ ഉടുമ്പന്നൂരിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു ‘മൂൺലൈറ്റ് വാക്’ നടത്താം. ഉടുമ്പന്നൂർ പഞ്ചായത്തിന്റെ സൗന്ദര്യവും ടൂറിസം സാധ്യതകളും പരിചയപ്പെടുത്തുന്നതിനായാണ് മൂൺലൈറ്റ് വാക് നടത്തുന്നതെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള ഉപ്പുകുന്ന് മലനിരകളിൽനിന്നുമാണ് ഡിസംബർ 26ന് വൈകീട്ട് ആറു മണിക്ക് യാത്ര ആരംഭിക്കുന്നത്. അരുവിപ്പാറ, മുറംകെട്ടിപ്പാറ, മൂലക്കാട്, ചെപ്പുകുളം സി.എസ്.ഐ പള്ളി എന്നീ വ്യൂ പോയന്റുകളിലൂടെയാണ് ഇരുകല്ലുംമുടി വ്യൂപോയന്റിൽ അവസാനിക്കുക. എട്ടു കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയിൽ ആകെ 100 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. വരും വർഷങ്ങളിൽ കൂടുതൽ പങ്കാളിത്തത്തോടെ മൂൺലൈറ്റ് വാക് സജീവമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, സ്ഥിരം സമിതി അംഗങ്ങളായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, പഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ, പ്രോഗ്രാം കോഓഡിനേറ്റർ ഫ്രാൻസിസ് കുന്നപ്പള്ളി, കൺവീനർ ടി.ജി. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

