Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂഫിയയുടെ...

മൂഫിയയുടെ ഭർത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത് ബന്ധുവീട്ടിൽ ഒളിവിൽ ക‍ഴിയുന്നതിനിടെ

text_fields
bookmark_border
nihal, mofiya parveen 241121
cancel
camera_alt

മുഹമ്മദ് സുഹൈൽ, മൂഫിയ പർവീൺ

ആലുവ: ഭര്‍തൃപീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത് കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ ക‍ഴിയുന്നതിനിടെ. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

അഭിഭാഷക വിദ്യാര്‍ഥിനിയും ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്‍റെ മകളുമായ മൂഫിയ പർവീൻ (21) ആണ് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

കോതമംഗലത്തെ ബന്ധു വീട്ടിൽ ഒളിവിൽ ക‍ഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് ആലുവ ഡിവൈ.എസ്.പി ഓഫിസിൽ എത്തിച്ചു. ഇവിടെ ഉന്നത ഉദ്യോഗസ്‌ഥരടക്കം ചോദ്യം ചെയ്‌തു. പിന്നീട് നടപടികൾ പൂർത്തിയാക്കി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഭർതൃവീട്ടിലെ പീഡനവും ആലുവ സി.ഐ മോശമായി പെരുമാറിയതായും ആരോപിച്ചാണ് യുവതി ജീവനൊടുക്കിയത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി കത്ത് എഴുതി വച്ച് തൂങ്ങിമരിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം മുറിയിൽ ഉറങ്ങാൻ കയറിയ യുവതി 3.30ആയിട്ടും ഉറക്കമുണരാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു മൂഫിയയുടെ നിക്കാഹ്. നിക്കാഹിന്‍റെ ഭാഗമായുള്ള ആഘോഷം കൊവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിൽ സ്ത്രീധനത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവതി മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു. ഇതിന്‍റെ തുടർച്ചയായി ആലുവ പൊലീസ് സ്റ്റേഷനിൽ ഭർതൃപീഡനം സംബന്ധിച്ച് പരാതിയും നൽകി.

സി.ഐ സി.എൽ. സുധീറിന്‍റെ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് ചർച്ച് വിളിപ്പിച്ചിരുന്നു. ഇവിടെ വച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഒക്ടോബർ 28ന് കോതമംഗലത്തെ മഹലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡനത്തിന് കാരണമായെന്ന് പറയുന്നു.

തൊടുപുഴയിലെ ലോ കോളജിൽ മൂന്നാം വർഷ നിയമവിദ്യാർഥിനിയായിരുന്നു മൂഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ഇതിനിടയിൽ ആരോപണ വിധേയനായ സി.ഐയെ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവർ ബുധനാഴ്ച പൊലീസ് സ്‌റ്റേഷനിൽ സമരം ചെയ്തു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ ഹിശാം, പഞ്ചായത്ത് പ്രസിഡൻറുമാരായ സെബ മുഹമ്മദാലി, രാജി സന്തോഷ്, യു.ഡി.എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തുറ, കൺവീനർ എം.കെ.എം. ലത്തീഫ്, പാർട്ടി നേതാക്കൾ തുടങ്ങിയവരാണ് സ്‌റ്റേഷന് മുൻപിൽ കുത്തിയിരുന്നത്. ഇവർക്ക് അഭിവാദ്യം പ്രകടിപ്പിച്ച് പ്രതിഷേധ പരിപാടികൾ നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്തത്. പൊലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസിന് പരിക്കേറ്റു. നിയോജക മണ്ഡലം പ്രസിഡൻറ് ഹസീം ഖാലിദ്, ലിൻറൊ പി. ആൻറു, നൗഷാദ് പാറപ്പുറം, പഞ്ചായത്ത് പ്രസിഡൻറുമാരായ സെബ മുഹമ്മദാലി, രാജി സന്തോഷ് എന്നിവർക്കും പരിക്കേറ്റു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടന്നു.

Show Full Article
TAGS:mofiya death 
News Summary - moofiya parveen death husband and parents arrested from relatives home
Next Story