മാസപ്പടി വാങ്ങിയെന്ന വാർത്തക്ക് യാഥാർഥ്യങ്ങളുമായി ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തക്ക് യാഥാർഥ്യങ്ങളുമായി ഒരുബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെയാണ് മാസപ്പടിയായി ചിത്രീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
മറ്റുള്ളവരെപ്പോലെ തന്നെ രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്കും നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യാൻ അവകാശമുണ്ടെന്നും അതാണ് വീണയും ചെയ്തതെന്നും ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ പൂർണരൂപം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് യാഥാർഥ്യങ്ങളുമായി ഒരുബന്ധവുമില്ല. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായിത്തന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേർപ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പണം നൽകിയത്. ആ പണമാവട്ടെ വാർഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. നിന്ദ്യമായ ഈ നടപടി കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയിൽ നിന്ന് വന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
രണ്ട് കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാർ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികൾ തമ്മിൽ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്. സി.എം.ആർ.എൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തിൽ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയുണ്ടായിട്ടുള്ളത്.
രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൾടിംഗ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്.
ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്‌നത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര ഗവൺമെന്റും അതിന്റെ വിവിധ ഏജൻസികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങൾക്ക് നേരെ തിരിയുന്ന രീതി ഉയർന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും ബിഹാറിലുമെല്ലാം ഇത്തരം ഇടപെടലുകൾ നടന്നുവരുന്നുമുണ്ട്. ഈ സെറ്റിൽമെന്റ് ഓർഡറിൽ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമർശം നടത്തിയെന്നതും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. സെറ്റിൽമെന്റിനായി വിളിച്ച കമ്പനിയെ പൂർണ്ണമായി കോടതി നടപടികളിൽ നിന്നും പിഴയിൽ നിന്നും ഒഴിവാക്കിയ സെറ്റിൽമെന്റ് ഓർഡറിലാണ് ഇത്തരം പരാമർശം നടത്തിയത് എന്നതും വിസ്മയിപ്പിക്കുന്നതാണ്.
കേന്ദ്ര ഏജൻസികൾ നൽകുന്നതും, അല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ഇത്തരക്കാർ തയാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാധ്യമ വാർത്തകളേയും വിലയിരുത്തേണ്ടത്. കമലാ ഇന്റർനാഷണൽ, കൊട്ടാരം പോലുള്ള വീട്, ടെക്കനിക്കാലിയ, നൂറ് വട്ടം സിംഗപ്പൂർ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാൽപ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ് കേരളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് നടത്തിയ പ്രചരണങ്ങളും കാറ്റുപിടിക്കാതെ പോയി. അതിന്റെ തുടർച്ചയായിത്തന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ സ്ഥാനം പിടിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

