സ്ത്രീകൾക്ക് മാസം 1000 രൂപ ധനസഹായം; 35 കഴിഞ്ഞവർക്ക് അപേക്ഷ ഫോം നാളെ മുതൽ ലഭിക്കും
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം നാളെ മുതൽ വിതരണം ചെയ്യും. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 35 നും 60 നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.
മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും എ.എ.വൈ- മഞ്ഞകാർഡ് വിഭാഗത്തിലും പി.എച്ച്.എച്ച് - പിങ്ക് കാർഡ് ഉൾപ്പെടുന്നവരുമായ 35നും 60നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപവീതം നൽകുന്നതാണ് പദ്ധതി. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
അതേസമയം വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. സംസ്ഥാനത്തിന് അകത്തുനിന്നും താമസം മാറുകയോ, കേന്ദ്ര/ സംസ്ഥാന സർക്കാർ സർവീസ്, കേന്ദ്ര / സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവ്വകലാശാലകൾ, മറ്റ് സ്വയം ഭരണ / ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരം/ കരാർ നിയമനം ലഭിക്കുകയോ ചെയ്യുന്നതോടുകൂടി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും.
ഗുണഭോക്താവ് മരിച്ചതിന് ശേഷം അവകാശികൾക്ക് ആനുകൂല്യത്തിനുള്ള അർഹത ഉണ്ടിയിരിക്കില്ല. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരംമാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവനയും നൽകണം.
പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തിൽ മാത്രം വയസ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം. അനർഹരായി ആനുകൂല്യം കൈപ്പറ്റുന്നവരിൽനിന്നും ഇത്തരത്തിൽ കൈപ്പറ്റിയ തുക പലിശ സഹിതം തിരികെ ഈടാക്കും. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിങ് ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

