കാലവർഷം ശുഷ്കം; മൂന്നിലൊന്ന് കുറവ്
text_fieldsമലപ്പുറം: തെക്ക് പടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ കേരളത്തിൽ മഴയുടെ ലഭ്യത മൂന്നിൽ ഒന്ന് മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ 30 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയേക്കാൾ 34 ശതമാനം കുറവ് മാത്രമാണ് ലഭിച്ചത്. ജൂൺ നാലിന് വൈകിയെത്തിയ കാലവർഷം ആദ്യമാസം പ്രതീക്ഷിച്ചത്ര സജീവമായില്ല.
ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കണക്കനുസരിച്ച് 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ജൂണിൽ ലഭിക്കേണ്ട ശരാശരി മഴ 648.2 മില്ലിമീറ്ററാണ്. എന്നാൽ, ഇത്തവണ 427.3 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴ കുറയാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഭൂരിഭാഗം ജില്ലകളിലും ഗണ്യമായ കുറവുണ്ടായപ്പോൾ നാല് പ്രദേശങ്ങളിൽ മാത്രമാണ് സാധാരണ നിലയിലുള്ള മഴ ലഭിച്ചത്.
വയനാട് ജില്ലയിലാണ് ഏറ്റവും മഴക്കുറവ് അനുഭവപ്പെടുന്നത്. 703.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 228.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ പെയ്തത്. ഇത് ജില്ലയിലെ കാർഷിക മേഖലയെയും ഭൂഗർഭ ജലനിരപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇടുക്കിയിലും പകുതിയിലധികം (54 ശതമാനം കുറവ്) കുറവുണ്ടായി. അതേസമയം, തിരുവനന്തപുരത്ത് സാധാരണയേക്കാൾ അഞ്ച് ശതമാനം കൂടുതൽ മഴ ലഭിച്ചു. കോട്ടയം (16 ശതമാനം കുറവ്), പത്തനംതിട്ട (15 ശതമാനം കുറവ്) എന്നീ ജില്ലകളിലും ലക്ഷദ്വീപിലും (10 ശതമാനം കുറവ്) മാത്രമാണ് മഴയുടെ അളവ് സാധാരണ നിലയിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

