കാലവർഷത്തിലും കടൽക്ഷോഭത്തിലും ഒമ്പത് മരണം കൂടി, മൂന്നു പേരെ കാണാതായി; തകർന്ന വീടുകളുടെ എണ്ണം രണ്ടായിരം കവിഞ്ഞു
text_fieldsകണ്ണൂർ കക്കാട് ചെക്കിച്ചിറയിൽ വെള്ളംകയറി ഒറ്റപ്പെട്ട കുടുംബത്തെ അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. (ചിത്രം: ബിമൽ തമ്പി)
തിരുവനന്തപുരം: കാലവർഷത്തിലും കടൽക്ഷോഭത്തിലും സംസ്ഥാനത്ത് കനത്ത നാശനഷ്ടം. പ്രകൃതിക്ഷോഭത്തിലും വെള്ളക്കെട്ടിലും വീണ് വെള്ളിയാഴ്ച ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളംമറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. അഞ്ചംഗസംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ് മറിഞ്ഞത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളിയായ പുല്ലുവിള പഴയ തുറപുരയിടം സ്വദേശി ആന്റണി തദയുസാണ് (52) മരിച്ചത്. കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസിനായി കോസ്റ്റ്ഗാർഡ് തെരച്ചിൽ തുടരുകയാണ്.
കോട്ടയം കൊല്ലാട് മീൻപിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ട് യുവാക്കൾ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ വി.ജെ. ജോബി (36), അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഇടുക്കിയിൽ തോട്ടിൽവീണ് പാറത്തോട് പുത്തൻപറമ്പിൽ ബാബു (69) മരിച്ചു. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പറവൂർ സ്വദേശി കെ.ജെ. ജെയിംസാണ് (65) മരിച്ചത്. കാസർകോട് മധുരിയിൽ കാൽവഴുതി തോട്ടിൽവീണ് പ്രവാസി സാദിഖ് (39) മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരംവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുമാറാടി കരവട്ടേ അമ്മാംകുളത്തിൽ അന്നക്കുട്ടി ചാക്കോ (80) ആണ് മരിച്ചത്.
പെരുമ്പാവൂർ കുറുപ്പംപടി പുന്നയത്ത് യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടില് വീണ് പുന്നയം പാറയ്ക്കാട്ട് വീട്ടില് വാസുവിന്റെ മകന് ജയേഷ് (46), സിമന്റ് ഇഷ്ടിക തലയിൽ വീണ് മൂത്തകുന്നം സത്താർ ഐലന്റ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) എന്നിവരും മരിച്ചു. എറണാകുളം ചെറായിയിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിലിനെയാണ് കാണാതായത്. മലപ്പുറം കാളിക്കാവിൽ കനത്തമഴക്കിടെ മീൻപിടിക്കാൻ പോയയാളെ പുഴയിൽ കാണാതായി. അഞ്ചച്ചവിടി സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

