കാലവർഷം: 48 മണിക്കൂറിനിടെ തകർന്നത് 607 വീടുകൾ; ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കാലവർഷം തീവ്രമായി തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ പെയ്ത മഴയിൽ 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. ഇതോടെ, കാലവർഷം ആരംഭിച്ച് നാലുദിവസത്തിനിടെ തകർന്ന വീടുകളുടെ എണ്ണം 1000 കവിഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വരെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 229 പേരെ മാറ്റിപ്പാർപ്പിച്ചു.
ജലനിരപ്പ് ഉയർന്നതോടെ, ഒമ്പത് നദികളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രളയസാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ചും, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ, ഉപ്പള, കബനി നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് നദികളുടെ കരയിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ല ഭരണകൂടം നടപടിയാരംഭിച്ചു. പ്രളയസാധ്യത മുന്നറിയിപ്പുള്ള നദികളിലിറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറിനിടെ കണ്ണൂർ ജില്ലയിലെ തലശ്ശേരി, അയ്യൻകുന്ന് ഭാഗങ്ങളിൽ 170 മി. മീറ്റർ മഴ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലെ പീരുമേട്, വയനാട് ജില്ലയിലെ വൈത്തിരി -160 മി. മീറ്റർ, വടകര, വെള്ളത്തൂവൽ (ഇടുക്കി), ചെമ്പേരി (കണ്ണൂർ) 150 മി. മീറ്റർ മഴ രേഖപ്പെടുത്തി. മഴയിലും കാറ്റിലും നൂറുകണക്കിന് മരങ്ങൾ കടപുഴകി. വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നതോടെ, പലപ്രദേശങ്ങളും ഇരുട്ടിലാണ്. വരുംദിവസങ്ങളിലും അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി.
കൊച്ചി: നാലുദിവസമായി തുടരുന്ന ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ രണ്ട് വീട് പൂർണമായും 79 വീടുകൾ ഭാഗികമായും തകർന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 360 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച കണ്ണൂരിൽ മഴക്ക് നേരിയ ശമനമുണ്ടായി. ദേശീയപാത തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. കുപ്പം കപ്പണത്തട്ടില്‍ റോഡിന് സംരക്ഷണമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞുവീണത്. കാലവര്‍ഷം കനത്തതോടെ കെ.എസ്.ഇ.ബിക്ക് കണ്ണൂരിൽ ഇതുവരെ 8.96 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ജില്ലയില്‍ ഒരാഴ്ചയായി 101.47 ഹെക്ടര്‍ ഭൂമിയിലായി നാലര കോടിയോളം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.
ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂളിൽ തുറന്ന ക്യാമ്പിൽ നാല് കുടുംബങ്ങളിലെ 18 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. തീരദേശത്ത് കടലാക്രമണവും രൂക്ഷമാണ്. ആറാട്ടുപുഴയിൽ കരക്കടിഞ്ഞ കണ്ടെയ്നർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ട്രെയിലർ ഡ്രൈവർക്ക് പരിക്കേറ്റു. ആലുവ സ്വദേശി ബഷീറിനാണ് (45) പരിക്കേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
തൊടുപുഴ/പത്തനംതിട്ട: ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വരെ പെയ്ത കനത്ത മഴയിൽ തകർന്നത് 12 വീടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഇത്രയും വീടുകൾ ഭാഗികമായി തകർന്നത്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
മൂന്ന് അടി ഉയർന്ന് ഇടുക്കി ജലനിരപ്പ്
മുട്ടം: നിർത്താതെ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിൽ ഉയർന്നത് മൂന്നടി ജലം. ചൊവ്വാഴ്ച രാവിലെ വരെയുള്ള ഒറ്റ ദിവസത്തെ കണക്കാണിത്. തിങ്കളഴ്ച രാവിലെ അണക്കെട്ടിൽ അവശേഷിച്ചിരുന്നത് 2330.9 അടി ജലം ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ആയപ്പോൾ അത് 2333.62 അടിയിൽ എത്തി. അതായത് 2.72 അടി ജലം. 119.6 മില്ലിമീറ്റർ മഴയാണ് ഒറ്റ ദിവസം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.
ഇത് വഴി 49 .17 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തി. തിങ്കളാഴ്ച 103 .8 മില്ലീമീറ്റർ മഴയും ലഭിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 33 ശതമാനമാണ്. വേനൽ കാലത്ത് 30 ശതമാനത്തിലേക്ക് താഴ്ന്ന ജലനിരപ്പ് തിങ്കളാഴ്ച മുതൽ ഉയർന്ന് തുടങ്ങി. മഴ കനക്കുന്നതോടെ ജലനിരപ്പ് കുതിച്ചുയരും. ഈ മാസം ഇതുവരെ 133.995 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

