കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യത; ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
text_fieldsതിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെയും ആൻഡമാൻ കടലിലെയും ചക്രവാതച്ചുഴികളുടെ സ്വാധീനം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായും, വടക്കൻ ആൻഡമാൻ കടലിന് സമീപത്തായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂൺ അഞ്ചു മുതൽ ഏഴ് വരെ ഇതേ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏഴാം തീയതി വരെ കേരളത്തിലും മാഹിയിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ജൂൺ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ജൂൺ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജൂൺ മൂന്നു മുതൽ ഏഴ് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
യെല്ലോ അലർട്ടുള്ള ജില്ലകൾ:
04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

