പുരാവസ്തു തട്ടിപ്പ്: മോൻസണിെൻറ അടുപ്പക്കാരെ ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: പുരാവസ്തു -സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിലായ മോൻസൺ മാവുങ്കലിെൻറ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. പത്ത് കോടി തട്ടിയെന്ന് ആറുപേർ ചേർന്ന് നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ഇവരിൽനിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. പ്രധാനമായും ഇവരുമായി സാമ്പത്തിക ഇടപാടുകളോ മറ്റോ നടത്തിയിരുന്നോ, മോൻസണുമായി ഏതുതരത്തിൽ ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. നേരത്തേ മോൻസണിെൻറ ഫോൺകാളുകളും വീട്ടിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
ഇത് പരിശോധിച്ച് ഇയാളുമായി സ്ഥിരമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയാണ് ചോദ്യം ചെയ്യുന്നത്. പത്ത് കോടിരൂപ തട്ടിയെന്ന പരാതിക്കാധാരമായ തെളിവുകളിലേക്ക് ഇനിയും അന്വേഷണ സംഘം എത്തിയിട്ടില്ലെന്നാണ് സൂചന. നാല് കോടിയോളം രൂപ കൈമാറിയതിനാണ് തെളിവുകൾ ലഭിച്ചിരിക്കുന്നത്. കൂടുതൽ തെളിവുശേഖരണത്തിന് ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതിനിടെ മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലും ചോദ്യം ചെയ്യലും തെളിവെടുക്കലും തുടരുന്നുണ്ട്. പത്ത് കോടി തട്ടിയെടുത്തതിനും പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തിയതിനും വ്യക്തമായ തെളിവുകൾ കണ്ടെത്തിയാൽ മാത്രമെ കേസ് കോടതിയിൽ നിലനിൽക്കൂ. ഇതിനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
പരാതിയിൽ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരിൽനിന്ന് വരുംദിവസങ്ങളിൽ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ശിൽപി സുരേഷ്, പുരാവസ്തു കൈമാറിയ സന്തോഷ് എന്നിവർ നൽകിയ പരാതികളിൽ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലും ഇത് ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചതിനാലും തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. പത്ത് കോടി തട്ടിയതടക്കം ഏഴ് കേസുകളാണ് മോൻസണിനെതിരെയുള്ളത്.