കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരിൽ മ്യൂസിയം തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നെന്ന് മോൻസൺ മാവുങ്കൽ. ഇതിന് വേണ്ടി ടി.വി ചാനൽ സ്വന്തമാക്കാൻ ശ്രമം നടത്തിയതായും മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴിനൽകി.
ടി.വി സംസ്കാര എന്ന ചാനൽ സ്വന്തമാക്കാനായാണ് 10 ലക്ഷം രൂപ നൽകിയതെന്ന് മോൻസൺ പറയുന്നു. ചാനലിന് തിരുവനന്തപുരത്ത് ഓഫിസുള്ളതും ചാനലിന്‍റെ പേരും അനുകൂല തട്ടിപ്പിന് അനുകൂലമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോവിഡ് കാലമായതിനാൽ പദ്ധതി മുന്നോട്ടു പോയില്ല. ഇടപാടിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ചാനൽ ഉടമകളുടെ ഓഫിസിൽ മോൻസണെ എത്തിച്ച് തെളിവെടുക്കും.
കൊച്ചിയിലെ വ്യാജ പുരാവസ്തു മ്യൂസിയം കാട്ടിയാണ് മോൻസൺ കോടികളുടെ തട്ടിപ്പ് നടത്തിയത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ആളുകളെ മോൻസൺ താനുമായി അടുപ്പിച്ചിരുന്നത് ഈ മ്യൂസിയം കാട്ടിയായിരുന്നു.
അതേസമയം, താൻ കൈമാറിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരിൽ മോൻസൺ കലൂരിലെ വീട്ടിൽ വെച്ചിരിക്കുന്നത് കേസിലെ പരാതിക്കാരിലൊരാളായ സന്തോഷ് എളമക്കര പറഞ്ഞു. 2016 മുതൽ താൻ കൈമാറിയ പുരാവസ്തുക്കളാണ് മോൻസണിെൻറ കലൂരിലെ വീട്ടിൽ ഉള്ളത്. യഥാർഥ മൂല്യം പറഞ്ഞുതന്നെയാണ് കൈമാറിയതെന്നും പിന്നീട് ഇവക്കുമേൽ മോൻസൺ കഥകൾ മെനയുകയായിരുന്നുവെന്നും പസന്തോഷ് എളമക്കര പറഞ്ഞു.
ഒരുവർഷം മുമ്പ് യുട്യൂബിൽനിന്നാണ് മോൻസൺ ഇവക്കെല്ലാം വലിയ നുണക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടത്. 'ഇങ്ങനെയൊക്കെ പറഞ്ഞാലേ വി.ഐ.പികളെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയൂ' എന്നാണ് മോൻസൺ മറുപടി നൽകിയതെന്നും സന്തോഷ് പറയുന്നു.