മോൻസൺ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ്: അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അനിതയുടെ മൊഴിയെടുത്തത്. മോൻസന്‍റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞിരുന്നില്ലെന്ന് അനിത ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
മോൻസണുമായി തെറ്റിപ്പിരിഞ്ഞശേഷമാണ് തട്ടിപ്പുകാരനെന്ന് അറിഞ്ഞത്. സൈബർ പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ ഫെസ്റ്റിലെ സാന്നിധ്യം, മോൻസൺ മാവുങ്കൽ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞുവെന്നാണ് വിവരം. ഇതിനൊപ്പം മോൻസന്‍റെ സാമ്പത്തിക ഇടപാടുകളിൽ അനിതക്കുളള പങ്കിനെ കുറിച്ചും ചോദ്യമുണ്ടായെന്നാണ് വിവരം.
നിലവിൽ അനിതയെ കേരളത്തിലേക്ക് വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ചിന് പദ്ധതിയില്ലെന്നാണ് സൂചന. കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യൽ കൂടി കഴിഞ്ഞ ശേഷമാവും അനിതയെ വിളിച്ചു വരുത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.