കുരങ്ങുകളെ സുരക്ഷാ പട്ടികയിൽനിന്ന് മാറ്റണം; കേന്ദ്രസർക്കാറിന് നിർദേശം സമർപ്പിക്കാൻ വനം വകുപ്പ്
text_fieldsനിലമ്പൂർ: നാടൻ കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാന വനംവകുപ്പ്. കാട്ടുപന്നികളെ 1972 ലെ വന്യജീവി സംരക്ഷണനിയമം സെക്ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നിർദേശവും കേന്ദ്രസർക്കാറിന് സമർപ്പിക്കും.
വനത്തിന് സമീപത്തെ പ്രദേശങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമാണ്. കുരങ്ങുകളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങളിൽ ഭേദഗതിവരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി, കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ നിയമഭേദഗതിയടക്കമുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കാട്ടുപന്നി നിയന്ത്രണം പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുതലത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ പട്ടിക തയാറാക്കും. കാട്ടുപന്നി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കുറക്കാനായി നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കും. വന്യജീവി സംഘർഷത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കു ലഭിക്കുന്ന നഷ്ടപരിഹാരം നിലവിലുള്ള 14 ലക്ഷം രൂപയിൽനിന്ന് 21 ലക്ഷം രൂപയാക്കാനുള്ള നടപടി സ്വീകരിക്കും.
വന്യജീവി സംഘർഷത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സച്ചെലവ് സർക്കാർ വഹിക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിക്കും. കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കാനായി പഞ്ചായത്തുതല പ്രാദേശിക ദ്രുതകർമസേന രൂപവത്കരിച്ച് പരിശീലനം നൽകും. ഏകോപനത്തിന് ഫോറസ്റ്റ് ലെയ്സൺ ഓഫിസർമാരെ നിയോഗിക്കും.
അതിരൂക്ഷ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ 250 കിലോമീറ്റർ പുതിയ സൗരോർജവേലി നിർമിക്കാനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്. അതിരൂക്ഷ സംഘർഷമേഖലകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ത്രിതല സ്‌മാർട്ട് വേലി സംവിധാനം ഒരുക്കാനുള്ള നടപടികളും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

