തെരഞ്ഞെടുപ്പ് പണമിടപാടുകളില്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കണം- പ്രത്യേക ചിലവ് നിരീക്ഷകന്‍
text_fieldsകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിലെ ഉദ്യോഗസ്ഥരും സ്ക്വാഡുകളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനത്തിന്‍റെ പ്രത്യേക ചിലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍സിംഗ് പുനിയ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തുന്നത് തികച്ചും സ്വതന്ത്രമായാണെന്ന് ഉറപ്പാക്കുന്നതിന് വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കണം. ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും പണമിടപാടുകള്‍ നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം. പെരുമാറ്റച്ചട്ട ലംഘനം സ്ഥിരീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കണം.
പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളും വിവരങ്ങളും സംബന്ധിച്ച് സത്വര നടപടി സ്വീകരിക്കുകയും സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുകയും വേണം. വിവിധ വകുപ്പുകളും സ്ക്വാഡുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് നിരീക്ഷണം ശക്തമാക്കാന്‍ ഉപകരിക്കും. സ്ഥാനാര്‍ഥികള്‍ നിശ്ചിത പരിധിയില്‍ കവിഞ്ഞ് പണം ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം-അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയും ചിലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങല്‍ വിശദീകരിച്ചു. കേന്ദ്ര നിരീക്ഷകര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.