പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണൻ തട്ടിയത് 40,000 ഇരുചക്രവാഹനങ്ങളുടെ പണം
text_fieldsമൂവാറ്റുപുഴ: ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളുമടക്കം പകുതിവിലക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണൻ തട്ടിയത് കോടികൾ. 40,000 ഇരുചക്രവാഹനങ്ങൾ നൽകുന്നതിനായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ ചോദ്യംചെയ്യലിൽ മൊഴി നൽകി.
മൂവാറ്റുപുഴനിന്ന് മാത്രം 7.90 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ഇതുവരെ ഒരു കമ്പനിയിൽനിന്നും സി.എസ്.ആർ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ലഭിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു. വിശ്വാസ്യതക്കായി കുറച്ച് വാഹനങ്ങളും ലാപ് ടോപ്പുകളും നൽകി. ഇതിന് പല കമ്പനികൾക്കും പണം നൽകാനുണ്ട്.വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയശേഷം നടത്തിയ ആദ്യഘട്ട ചോദ്യംചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ദിവസം അനന്തു കൃഷ്ണന്‍റെ ഫ്ലാറ്റുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പൊലീസ് റെയ്ഡിൽ കണ്ടെത്തിയ രേഖകൾ സഹിതം ചോദ്യംചെയ്തപ്പോഴാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇക്കാര്യങ്ങൾ അനന്തു കൃഷ്ണൻ പൊലീസിനോടു സമ്മതിച്ചു. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് ഇത്രയും പണം വാങ്ങിയത്. ലാപ്ടോപ്, ഗൃഹോപകരണങ്ങൾ, വളം അടക്കം തട്ടിപ്പിന്‍റെ വ്യാപ്തി ഇതിലും ഏറെയാണ്. എവിടെനിന്ന് എത്രത്തോളം പണം വാങ്ങിയെന്നും ഇത് എവിടെയൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എത്ര ചെലവഴിച്ചിട്ടുണ്ടെന്നും വസ്തുവകകൾ വാങ്ങിയത് എവിടെയൊക്കെയാണെന്നും വാഹനങ്ങൾ വാങ്ങിയതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാങ്ങിയ പണം സംസ്ഥാനത്തിന് പുറത്തും അനന്തു കൃഷ്ണൻ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിനിടെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ അനന്തു കൃഷ്ണന്റെ മൂന്ന് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്‍റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

