ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി, ജീവനക്കാർക്കെതിരെ തെളിവ്; വനിത ജീവനക്കാരികൾ ഒളിവിലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ.
ജീവനക്കാര്‍ പണം എങ്ങനെ ചെലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ എ.ടി.എം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ എതിരായതോടെ ജീവനക്കാരികൾ മൂവരും ഒളിവിൽ പോയി. പൊലീസ് രണ്ടുദിവസമായി ഇവരുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്.
ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ ചേർന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. അതേസമയം ദിയയും അച്ഛൻ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ദിയയുടെ ഫ്ലാറ്റിൽനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ ജീവനക്കാരികളെ ബലംപ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.
അതേസമയം, ജീവനക്കാരികൾ നൽകിയ പരാതിയിൽ ദിയാ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജീവനക്കാരികൾ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.