വോട്ടിന് പണം; കര്‍ശന നടപടിയെടുക്കണം -കെ.സി. വേണുഗോപാല്‍
text_fieldsകെ.സി. വേണുഗോപാല്‍ എം.പി
പാലക്കാട്: പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് കര്‍ശന നടപടിയെടുക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ബി.ജെ.പി പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമീഷന് എന്താണ് ചെയ്യുന്നത്? തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഇത്തരത്തില്‍ പണം നല്‍കുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളെന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് എവിടെയാണ്? തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ടെലിവിഷനിലും ഓണ്‍ലൈനിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന കമീഷന്റെ നിര്‍ദേശം യു.ഡി.എഫ് മാത്രമാണ് അനുസരിച്ചത്. എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പരസ്യങ്ങള്‍ ബുധനാഴ്ചയും ടെലിവിഷനിലും ഓണ്‍ലൈനിലും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരിലും കാസര്‍കോട്ടും കള്ളവോട്ട് ചെയ്യാന്‍ സി.പി.എം വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം കെ.സി. വേണുഗോപാല്‍ ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

