മോളി വധം: പ്രതിക്ക് വധശിക്ഷ
text_fieldsപറവൂർ (കൊച്ചി): വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പുത്തൻവേലിക്കര പാലാട്ടി വീട്ടിൽ പരേതനായ ഡേവിസിെൻറ ഭാര്യ മോളി (61) കൊല്ലപ്പെട്ട കേസിലാണ് പ്രതി അസം സ്വദേശി മുന്ന എന്ന പരിമൾ സാഹുവിന് (24) പറവൂർ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി മുരളി ഗോപാല പണ്ഡാല ശിക്ഷ വിധിച്ചത്.
മോളിയുടെ വീടിെൻറ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം വധശിക്ഷയും ജീവപര്യന്തവും 1.20 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. വനിത ദിനത്തിലാണ് കോടതിയുടെ സുപ്രധാന വിധി. 2018 മാർച്ച് 18ന് രാത്രിയാണ് മോളി കൊല്ലപ്പെട്ടത്.
രാത്രി വൈകി നടന്ന കൊലപാതകം അടുത്ത ദിവസം രാവിലെയാണ് പുറംലോകം അറിഞ്ഞത്. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫിസിന് മുന്നിലെ വീട്ടിൽ നടന്ന സംഭവം നാടിനെ നടുക്കി. വാടകക്ക് താമസിച്ചിരുന്ന പ്രതി മോളിയെ തലക്ക് ഇടിച്ച് പരിക്കേൽപ്പിച്ചശേഷം ബെഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൃഗീയമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മോളിയുടെ ഭിന്നശേഷിക്കാരനായ മകൻ ഡെന്നിയുടെ മുന്നിൽ വെച്ചായിരുന്നു കുറ്റകൃത്യം. കുറ്റം ഡെന്നിയുടെ മേൽ ചുമത്താനും പ്രതി ശ്രമിച്ചു. മോളിയുടെ ദേഹത്ത് 32 ഓളം പരിക്കുകൾ ഉണ്ടായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവും കഴുത്തിൽ കുരുക്കിട്ടതിനാൽ ശ്വാസം മുട്ടിയുമാണ് മോളി മരണപ്പെട്ടത്. മോളി രക്ഷപ്പെടാൻ മുന്നയുടെ ശരീരത്തിൽ കടിക്കുകയും നഖം കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളും സമീപവാസികളുടെ മൊഴികളും കേസിൽ നിർണായകമായി. ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട പറവൂർ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.
കേസിൽ 43 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഡിവൈ.എസ്.പിയായിരുന്ന സുജിത്ത് ദാസും പുത്തൻവേലിക്കര സി.ഐയായിരുന്ന എം.കെ. മുരളിയുമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

