മൊഹ്‌സിൻ ശൈഖ് വധക്കേസ്: ഹിന്ദുരാഷ്ട്ര സേന നേതാവടക്കം 20 പ്രതികളെയും വെറുതെ വിട്ടു
text_fieldsപുണെ: ഏറെ വിവാദമായ മൊഹ്‌സിൻ ഷെയ്ഖ് വധക്കേസിൽ ഹിന്ദുരാഷ്ട്ര സേന തലവൻ ധനഞ്ജയ് ജയറാം ദേശായി ഉൾപ്പെടെ 20 പ്രതികളെയും പുണെയിലെ കോടതി വെറുതെവിട്ടു. സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ബി. സലുങ്കെ വെറുതെ വിട്ടതായി പ്രതിഭാഗം അഭിഭാഷകൻ സുധീർ ഷാ പറഞ്ഞു.
ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും ഛത്രപതി ശിവജിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലുണ്ടായ വർഗീയ സംഘര്‍ഷത്തിനിടെയാണ് പുണെയിലെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന മൊഹ്‌സിൻ (28) കൊല്ലപ്പെട്ടത്. 2014 ജൂൺ രണ്ടിന് രാത്രി 9.15ഓടെ സംഘർഷത്തിനിടെ രാത്രി നമസ്‌കാരത്തിനുശേഷം സുഹൃത്ത് റിയാസ് അഹമ്മദ് മുബാറക് ഷെന്തൂരെക്കൊപ്പം പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്ന മൊഹ്‌സിനെ ഹിന്ദു രാഷ്ട്ര സേന പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് േകസ്.
ഗുരുതര പരിക്കേറ്റ മൊഹ്‌സിന്‍ ചികിത്സയിലിരിക്കെ മരിച്ചു. സഹോദരൻ മുബിൻ ഷെയ്ഖ് ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ധനഞ്ജയ് ദേശായി ഉൾപ്പെടെ 21 ഹിന്ദുരാഷ്ട്ര സേന പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ, ഒരു പ്രതിക്ക് പ്രായപൂർത്തിയാവാത്തതിനാൽ 20 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരെയും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
മൊഹ്സിന്റെ കുടുംബം അന്നത്തെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് നൽകിയ അപേക്ഷയെത്തുടർന്ന് അഭിഭാഷകനായ ഉജ്വൽ നിഗമിനെ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. നിഗമിന് വലത് തീവ്രപക്ഷ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുണെയിലെ ആക്ടിവിസ്റ്റ് അഞ്ജും ഇനാംദാറും അന്നത്തെ കോൺഗ്രസ് രാജ്യസഭ എം.പി ഹുസൈൻ ദൽവായിയും നിയമനത്തെ എതിർത്തു. നിയമനം റദ്ദാക്കണമെന്ന നിഗമിന്റെ ആവശ്യം 2017ൽ സർക്കാർ അംഗീകരിച്ചു.
മുതിർന്ന അഭിഭാഷക രോഹിണി സാലിയനെ നിയമിക്കണമെന്ന് മൊഹ്സിന്റെ പിതാവ് മുഹമ്മദ് സാദിഖ് അപേക്ഷിച്ചെങ്കിലും അന്നത്തെ ജില്ല ഗവൺമെന്റ് പ്ലീഡറായ ഉജ്വല പവാറിനെയാണ് സർക്കാർ നിയമിച്ചത്. ഉജ്വല പവാർ വിരമിച്ചശേഷം ധൈഗുഡെ പാട്ടീൽ ആണ് കേസ് വാദിച്ചത്. ഇതിനിടെ 2018 ഡിസംബറിൽ ഹൃദയാഘാതത്തെ തുടർന്ന് മുഹമ്മദ് സാദിഖ് അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

