മോഹൻദാസ് വധം: ഭാര്യക്കും കാമുകനും ജീവപര്യന്തം
text_fieldsപറവൂർ: ദേശാഭിമാനി ജീവനക്കാരനായിരുന്ന മുപ്പത്തടം കടുങ്ങല്ലൂർ സ്വദേശി രാമാട്ട് വീട്ടിൽ മോഹൻദാസിനെ കൊന്ന കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. മോഹൻദാസിെൻറ ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ്കുമാർ (39)എന്നിവരെയാണ് പറവൂർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഗിരീഷ്കുമാറിന് 50,000 രൂപയും സീമക്ക് 10,000 രൂപയും പിഴ ചുമത്തി. പിഴയടച്ചില്ലെങ്കിൽ ഗിരീഷ്കുമാർ രണ്ടുവർഷവും സീമ ആറു മാസവും അധിക തടവുശിക്ഷ അനുഭവിക്കണം.
2012 ഡിസംബർ രണ്ടിന് രാത്രി 7.45ന് വല്ലാർപാടം കണ്ടെയ്നർ റോഡില് കളമശ്ശേരി ഭാഗത്താണ് വാഹനാപകടമെന്ന് തോന്നിപ്പിക്കുന്ന വിധം കൊലപാതകം നടന്നത്. അന്വേഷണത്തിൽ സീമയും ഗിരീഷ്കുമാറും ചേർന്ന് ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്ന് കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരായിരുന്ന ഇരുവരും കൃത്യം നടക്കുന്നതിന് അഞ്ച് വർഷം മുമ്പാണ് പരിചയപ്പെട്ടത്. അത് പ്രണയമായി. ഇതിനിടെ, ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ്കുമാർ സമ്പാദിച്ച ഒരു കോടിയോളം രൂപ ഉപയോഗിച്ച് സീമ ഒട്ടേറെ ഭൂമി ഇടപാടുകൾ നടത്തി. സാമ്പത്തിക തിരിമറി വെളിച്ചത്തായതോടെ പണം സ്ഥാപനത്തിലേക്ക് തിരിച്ചുനൽകേണ്ട സാഹചര്യം വന്നു. സാമ്പത്തിക ബാധ്യത തീർക്കാൻ സീമ മോഹൻദാസിനോട് പണം ആവശ്യപ്പെെട്ടങ്കിലും നൽകിയില്ല.
ഇതോടെയാണ് ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചത്. ഗുരുവായൂരിൽ മുറിയെടുത്താണ് ഗൂഢാലോചന നടത്തിയത്. സംഭവദിവസം ജോലിക്കുപോകുകയായിരുന്ന മോഹൻദാസിനെ ഫോണിൽ വിളിച്ച സീമ ഗിരീഷ്കുമാറിെൻറ ബന്ധു ആശുപത്രിയിലാണെന്നും ഗിരീഷ്കുമാർ കണ്ടെയ്നർ റോഡിൽ കാത്തു നിൽപ്പുണ്ടെന്നും ബൈക്കിൽ അയാളെയും കയറ്റണമെന്നും ആവശ്യപ്പെട്ടു. സീമയുടെ സുഹൃത്ത് എന്ന നിലയിൽ മോഹൻദാസിന് ഗിരീഷിനെ അറിയാമായിരുന്നു. യാത്രയ്ക്കിടെ കെണ്ടയ്നർ റോഡിൽ പഴയ ആനവാതിലിൽ ആളൊഴിഞ്ഞ ഭാഗത്തുെവച്ച് മോഹൻദാസിനെ ഗിരീഷ്കുമാർ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽനിന്ന് വീണ മോഹൻദാസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന ഗിരീഷ്കുമാർ കഴുത്തറുത്തു.
അപകടം പറ്റിയതാണെന്ന് വരുത്താൻ ശ്രമം നടന്നെങ്കിലും മൃതശരീരവും ബൈക്കും കിടന്ന അകലം സംശയത്തിനിടയാക്കി. കൊലപാതക ശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സമയം മോഹൻദാസ് സുഹൃത്ത് രാജീവിനയച്ച വിഡിയോ കാൾ, ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ കാൾ വിശദാംശങ്ങൾ എന്നിവ തെളിവുകളായി. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ക്ലോറോഫോം കുപ്പി എന്നിവ കണ്ടെത്തി. എറണാകുളം ടൗൺ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.ജി സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
