‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമ തോമസിനെ സന്ദർശിച്ച് മോഹൻ ലാൽ
text_fieldsകൊച്ചി: ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉമ തോമസ് എം.എൽ.എയെ സന്ദർശിച്ച് നടൻ മോഹൻലാൽ. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വം' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും ആന്റണി പെരുമ്പാവൂരിനൊപ്പമാണ് പാലാരിവട്ടത്തെ വസതിയിൽ മോഹൻലാൽ എത്തിയത്.
അപകടവാർത്ത അറിഞ്ഞത് മുതൽ തന്‍റെ ആരോഗ്യ വിവരങ്ങൾ മോഹൻലാൽ അന്വേഷിച്ചിരുന്നുവെന്ന് അറിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, മോഹൻലാലിനൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്..
അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്.
ആത്മാർത്ഥതയോടെ സമയം കണ്ടെത്തി,
സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി..
ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! ❤️🙏
ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമ തോമസ് എം.എൽ.എ പത്തടിയിലധികം ഉയരമുള്ള വേദിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല അടക്കം ശരീരഭാഗങ്ങൾക്ക് ഗുരുതര പരിക്കേറ്റ എം.എൽ.എയെ പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് വിദഗ്ധ ചികിത്സ നൽകിയത്.
46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീട്ടിലേക്ക് മടങ്ങിയത്. പി.ടി. തോമസ് ദൈവത്തോടൊപ്പം ചേർന്നു നിന്ന് തന്നെ കൈവെള്ളയിലെടുത്ത് കാത്തതായിരിക്കും, അതുകൊണ്ടാവാം അത്രയും വലിയ ഉയരത്തിൽ നിന്ന് വീണിട്ടും പരിക്കുകളോടെ താൻ ബാക്കിയായതെന്നാണ് ഉമ തോമസ് അപകടത്തെ കുറിച്ച് പറഞ്ഞത്.

