‘പ്രതിഷേധങ്ങളെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്?’ -ഐക്യദാർഢ്യ സമരത്തിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് മുഹമ്മദ് റിയാസ്
text_fieldsപി.എ. മുഹമ്മദ് റിയാസ്, വി.ഡി. സതീശൻ
കൊച്ചി: കേന്ദ്രസർക്കാറിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. കേസുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഡൽഹിയിൽ വിദ്യാർഥി സമരത്തിനനുകൂലമായ കോൺഗ്രസ് മാർച്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തിരുന്നു. കേരളത്തിൽ, എറണാകുളത്ത് അതേ വിഷയത്തിൽ റാപ്പർ വേടന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സതീശൻ സർക്കാറിന്റെ വക കേസ്! ഡൽഹിയിലെ പ്രതിഷേധം ജനാധിപത്യം… കേരളത്തിലെ പ്രതിഷേധം കുറ്റകരം! ഇതാണ് ഇരട്ടത്താപ്പ്.’ -റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി പ്രസ്താവന നടത്തുമ്പോൾ അതിന്മേൽ ഫാക്ട് ചെക്ക് നടത്തേണ്ട ഗതികേട് ഉണ്ടാവുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പരിഹസിച്ചു. ഡൽഹിയിലെ സമരവേദിയിൽ പങ്കെടുത്ത മുഖ്യമന്ത്രി അവിടെയെത്തിയിട്ടും വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടിയില്ല. നാടിനെ കബളിപ്പിക്കുന്ന നുണകൾ മാത്രം ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞെന്നും റിയാസ് പറഞ്ഞു.
വേടന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിൽ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെക്കുറിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ലൈന്‍ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

