പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്ത് വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വിജിലൻസ് പ്രതി ചേർത്തു. നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്. അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടുനിന്നു, കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നിവയാണ് പ്രതി ചേർക്കാനായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. കേസിൽ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്.
പാലാരിവട്ടം പാലത്തിന്‍റെ നിർമ്മാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കമ്പനിക്ക് എട്ടേക്കാൽ കോടി രൂപ മുൻകൂറായി നൽകാൻ ശിപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് മൊഴി നൽകിയത്.
അതേസമയം പാലം അഴിമതി കേസിൽ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എം.എല്‍.എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് മുൻമന്ത്രി.