മൊഫിയ പർവീണിന്റെ ആത്മഹത്യ: ഒന്നാംപ്രതി ഭർത്താവിനും ജാമ്യം
text_fieldsകൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യകേസിൽ ഭർത്താവിന് ഹൈകോടതിയുടെ ജാമ്യം. ഒന്നാം പ്രതി കോതമംഗലം ഇരമല്ലൂർ മേലേക്കുടിയിൽ മുഹമ്മദ് സുഹൈലിനാണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ജനുവരി നാലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മൊഫിയയെ നവംബർ 22ന് മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ 25ന് അറസ്റ്റിലായത് മുതൽ സുഹൈൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. റുഖിയക്കും യൂസഫിനും ജാമ്യം അനുവദിച്ചപ്പോൾ സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവമാണെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ഹരജിക്കാരൻ 65 ദിവസത്തിലേറെ കസ്റ്റഡിയിൽ കഴിയുന്നതും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി.

