തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ നോക്കണ്ട -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: ഭൂകമ്പ ദുരിതാശ്വാസത്തിന് തുര്‍ക്കിക്ക് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ സഹായം പ്രഖ്യാപിച്ചതിനെതിരെ വീണ്ടും പരിഹാസവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിനും പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം. പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 50,000 കോടി നൽകാനുണ്ടെങ്കിൽ രേഖാമൂലം കത്ത് നൽകണം. അതിനു എം.പിമാർ പോലും തയാറാകുന്നില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇല്ലാത്ത കാര്യം പറയുന്നു. കൃത്യമായ മാനദണ്ഡ പ്രകാരമാണ് സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നത്. അതിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്.
750 കോടി അധിക ഇന്ധന നികുതിയിലൂടെ കിട്ടുമെന്ന് പറയുന്ന ബാലഗോപാൽ വിലക്കയറ്റം തടയാൻ 2000 കോടി വേറെ നീക്കി വെക്കുന്നത് എന്തൊരു പൊള്ളത്തരമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. കേന്ദ്രം പണം നൽകുന്നില്ലെന്ന് പറഞ്ഞ് എന്തുകൊണ്ട് പിണറായി വിജയൻ ദില്ലിയിൽ സമരം ചെയ്യുന്നില്ല? അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

