‘മോദി ഞാൻ ഏറ്റവും അവസാനം ഭയപ്പെടുന്ന പേര്’; അദാനിയെ കുറിച്ച് പറഞ്ഞത് സത്യമെന്നും രാഹുൽ ഗാന്ധി
text_fieldsകൽപറ്റ: മോദി വിചാരിക്കുന്നത് താൻ ഏറ്റവും ശക്തനായ നേതാവാണെന്നും എല്ലാവരും അദ്ദേഹത്തെ ഭയപ്പെടും എന്നുമാണ്. എന്നാൽ, താൻ ഏറ്റവും അവസാനം ഭയപ്പെടുന്ന പേര് മോദിയാണെന്ന് രാഹുൽ ഗാന്ധി എം.പി. ഭാരത് ജോഡോ യാത്രക്കുശേഷം വയനാട് മണ്ഡലത്തിൽ പൊതുപരിപാടിക്കെത്തിയ രാഹുൽ ഗാന്ധിക്ക് മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയത്തിൽ പാർട്ടി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തെക്കുറിച്ച് ഞാൻ പാർലമെന്റിൽ സംസാരിച്ചതിൽ പലതും രേഖകളിൽ നിന്ന് നീക്കം ചെയ്തു. ചില സത്യങ്ങൾ ചൂണ്ടിക്കാട്ടിയതല്ലാതെ താൻ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. പ്രധാനമന്ത്രിയെ സ്ഥിരമായി അനുഗമിക്കുന്ന അദാനിക്ക് മറ്റ് രാഷ്രടങ്ങളിലെ വ്യാപാര കരാറുകൾ സ്ഥിരമായി ലഭിക്കുന്നു. രാജ്യത്തെ വ്യോമഗതാഗത മേഖല 30 ശതമാനം അദാനിയുടെ കൈവശമാകുന്നതിന് പല നിയമങ്ങളും ഭേദഗതി ചെയ്തു. ഗൗതം അദാനി-അംബാനിമാരെ വിമർശിക്കുന്നത് മോദിയെ കുറ്റം പറയുന്നത് പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്.
വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സമ്പന്നരിൽ 609ാം സ്ഥാനത്തുണ്ടായിരുന്നയാൾ മോദി ഭരണകാലത്ത് രണ്ടാമനായി മാറി. എല്ലാ വ്യവസായ മേഖലകളും അദാനി കൈയടക്കിയിരിക്കുകയാണ്.
ഷെൽ കമ്പനികളിലേക്ക് വരുന്ന പണം ആരുടേതാണെന്ന ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രിക്ക് മറുപടിയില്ല. പകരം അദ്ദേഹം ആകെ ചോദിച്ചത് നിങ്ങൾ എന്താണ് രാഹുൽ നെഹ്റു എന്ന് പറയാത്തത് എന്നാണ്. ഇന്ത്യയിൽ പൊതുവേ പിതാവിന്‍റെ സർനെയിമാണ് ആളുകൾ പേരിന്റെ കൂടെ ഉപയോഗിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയുമോ എന്ന് തനിക്ക് അറിയില്ല എന്നും രാഹുൽ പരിഹസിച്ചു. അദ്ദേഹം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചത് പാർലമെന്റ് രേഖകളിൽനിന്ന് നീക്കിയില്ല. അദ്ദേഹം സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിച്ചാൽ ആരാണ് സത്യം പറയുന്നതെന്ന് മനസിലാവും.
സത്യം അദ്ദേഹത്തിന് ഒപ്പമില്ല. ഒരുദിവസം ആ സത്യത്തെ അദ്ദേഹം അഭിമുഖീകരിക്കേണ്ടി വരും. ഭാരത് ജോഡോ യാത്രയിലുടനീളം ഞാൻ കർഷകരുമായി സംസാരിച്ചിരുന്നു. ഒരു കർഷകനും സന്തോഷവാനായിരുന്നില്ല. വിള ഇൻഷൂറൻസ് സ്കീം, വിത്തുകളുടെ ലഭ്യത, കാർഷിക നിയമങ്ങൾ എന്നിവയെ കുറിച്ച് അവർ എന്നോട് പരാതിപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകരെയും കർഷകത്തൊഴിലാളികളേയും സഹായിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അമ്മ സോണിയയേയും കൂട്ടി പിന്നീട് വയനാട്ടിൽ എത്തുമെന്ന് സദസ്സിന് വാഗ്ദാനം നൽകിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

