മോദി സർക്കാറിനെ ഫാഷിസ്റ്റ് സർക്കാറെന്ന് വിളിക്കാനാകില്ല, നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്നുണ്ട് എന്ന് പറയാം; നിലപാടിൽ മലക്കം മറിഞ്ഞ് സി.പി.എം
text_fieldsതിരുവനന്തപുരം: നരേന്ദ്രമോദി സർക്കാറിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാകില്ലെന്ന് സി.പി.എം രാഷ്ട്രീയ പ്രമേയം. നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണ് മോദി സർക്കാറിനുള്ളതെന്നും സി.പി.എം കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രഹസ്യ രേഖയിൽ പറയുന്നു.
തമിഴ്നാട്ടിലെ മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് കരട് രാഷ്ട്രീയ പ്രമേയം തയാറാക്കിയത്. ഇതിൽ വ്യക്തത വരുത്തിയാണ് പുതിയ രഹസ്യ രേഖ അയച്ചത്.
ആർ.എസ്.എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന്റെ നിലപാട്. ഇതാണ് ഇപ്പോൾ മയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മോദിസർക്കാറിനെ ഫാഷിസ്റ്റ് സർക്കാറെന്നാണ് സി.പി.ഐ അടക്കമുള്ള മറ്റ് ഇടതുപാർട്ടികൾ വിശേഷിപ്പിക്കുന്നത്. ഇതാണ് സി.പി.എം തള്ളിയിരിക്കുന്നത്.
'ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന് കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരു ഹിന്ദുത്വ-കോർപറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്ന് ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. മോദി സർക്കാർ ഒരു ഫാഷിസ്റ്റ് അല്ലെങ്കിൽ നവ ഫാഷിസ്റ്റ് സർക്കാറാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യൻ രാഷ്ട്രത്തെ ഒരു നവ-ഫാഷിസ്റ്റ് രാഷ്ട്രമായും ചിത്രീകരിക്കുന്നില്ല. ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയുടെ 10 വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം ബി.ജെ.പി-ആർ.എസ്.എസിന്റെ കൈകളിൽ രാഷ്ട്രീയ അധികാരം ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് നവ-ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടമാകുന്നതിലേക്ക് നയിക്കുന്നുവെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു' -എന്നാണ് പ്രമേയത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

