മോദിയും പിണറായിയും ഒരേ തൂവല്പക്ഷികള് –വി.എം. സുധീരന്
text_fields
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിെൻറ തെരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഗാന്ധിസം വിസ്മരിച്ച് ഗോദ്സെയിസം നടപ്പാക്കുന്ന നരേന്ദ്ര മോദിയും രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരുടെ ജീവനെടുക്കുന്ന പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്. കലൂര്‍ മണപ്പാട്ടിപറമ്പില്‍ എറണാകുളം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിെൻറ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലയാളികളെ സംരക്ഷിക്കാന്‍ സി.ബി.ഐ അന്വേഷണം തടയാൻ പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കുന്ന പിണറായി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സുധീരന് ആരോപിച്ചു. യു.ഡി.എഫ് ഭരണത്തിലേറിയാൽ അഴിമതി തുടച്ചുനീക്കുന്നതിന് വിജിലന്‍സ് കമീഷന് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പാട്ടിപറമ്പില്നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ കലൂര്‍, പൊറ്റക്കുഴി, ബേബി സ്മാരക റോഡ്, എട്ടുകാട്ട് അമ്പലം, താന്നിക്കല്‍ ജങ്ഷന്, പേരണ്ടൂര്‍ ജങ്ഷന്, പാടം ബസ് സ്റ്റോപ്, പുതുക്കലവട്ടം, പുന്നക്കല്‍ ജങ്ഷന്, കീര്‍ത്തി നഗര്‍, രാജീവ് ഭവന് എന്നിവ പിന്നിട്ട് കറുകപ്പള്ളി ജങ്ഷനില്‍ സമാപിച്ചു.

