മോഡലിന്റെ ആത്മഹത്യ: ഭർത്താവിനെതിരെ കുറ്റപത്രം
text_fieldsകോഴിക്കോട്: മോഡലായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാന (21) പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിൽ വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് കക്കോടി മക്കട അയ്യപ്പൻകണ്ടി സജാദിനെതിരെയാണ് (32) പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ആത്മഹത്യപ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സജാദ് ഷഹാനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജന്മദിനത്തിൽപോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹാനയുടെ ആത്മഹത്യക്ക് കാരണമായെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പീഡനം സംബന്ധിച്ച ഷഹാനയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജീവനൊടുക്കിയ ദിവസം രാവിലെ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു. മേയ് 13നാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. അസി. കമീഷണർ കെ. സുദർശനായിരുന്നു അന്വേഷണച്ചുമതല. സജാദ് മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

