സംസ്ഥാനത്ത് മോക്ഡ്രിൽ നടത്തിയത് 126 ഇടങ്ങളിൽ
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അടിയന്തര സൈനിക സാഹചര്യം നേരിടുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരം വികാസ് ഭവനിൽ
നടന്ന മോക്ഡ്രില്ലിൽ നിന്ന്
തിരുവനന്തപുരം: ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക്ഡ്രിൽ സംസ്ഥാനത്ത് പൂര്‍ത്തിയായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സൈറണ്‍ മുഴക്കുകയും മോക്ക്ഡ്രില്‍ നടത്തുകയും ചെയ്തത്. 14 ജില്ലകളിലായി 126 ഇടങ്ങളിലാണ് വൈകീട്ട് നാലു മുതല്‍ 4.30 മണിവരെ മോക്ഡ്രില്‍ നടന്നത്.
നാലുമണിക്ക് തിരുവനന്തപുരം ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് സൈറണ്‍ നല്കി രണ്ടു മിനിറ്റ് കൊണ്ട് 14 ജില്ലകളിലെ 126 കേന്ദ്രങ്ങളിലും മുന്നറിയിപ്പെത്തി. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ് പൂര്‍ണമായും പൊലീസിന്റെയും അഗ്നിശമന സേനയുടെയും നിയന്ത്രണത്തിലായി. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. നിര്‍ദേശം ലഭിച്ച ഉടനെ ലുലുമാളില്‍ പൊലീസ് സിവില്‍ ഡിഫന്‍സ് വളന്റിയേഴ്സും അഗ്നിശമന സേനയും സജ്ജരായി. തീപിടിത്തമോ ആക്രമണമോ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് ഓഫിസിലും മോക്ഡ്രില്‍ നടത്തി.
യുദ്ധകാല അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, പെരുമാറേണ്ടത് എന്നതുസംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടിയാണ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് നടന്നത്. കമ്യൂണിറ്റിതല ഇടപെടലുകള്‍ക്കും ഗാര്‍ഹികതല ഇടപെടലുകള്‍ക്കുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരുന്നത്. ഓപറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഗൗരവം ഉള്‍ക്കൊണ്ട് മോക്ക്ഡ്രില്ലില്‍ പങ്കാളികളായി.
ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. എയർ വാണിങ് ലഭിച്ചതോടെ, ജില്ല ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇതുപോലെ മോക്ഡ്രിൽ നടന്നത്. അതിനുശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

